വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകം -കെ.സി.ബി.സി

കൊച്ചി: സമാധാനമായി ജീവിക്കാൻ കഴിയാത്ത വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ​ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണെന്ന്​ കെ.സി.ബി.സി.  വർഗീയ സംഘടനകളുടെ വിഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ മാത്രം  ഉത്തർപ്രദേശ്​, ഹരിയാന, ഗുജറാത്ത്, കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ക്രൈസ്തവർക്കെതിരെയുള്ള വിവിധ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

മതേതര രാജ്യമായ ഇന്ത്യയിൽ മതത്തിന്‍റെ പേരിൽ വർദ്ധിക്കുന്ന അതിക്രമങ്ങളും ചില നിയമനിർമ്മാണങ്ങളോ ഇന്ത്യയുടെ ഭരണഘടനക്ക്​ വിരുദ്ധവും രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിള്ളൽ വീഴ്ത്തുന്നതുമാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുള്ളതും അത്തരം നിയമങ്ങൾ പരിഗണനയിലുള്ളതുമായ  എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങൾക്കു കത്തോലിക്കാ വൈദികർക്കും സന്യസ്തർക്കും എതിരെയുള്ള അതിക്രമങ്ങൾ വലിയതോതിൽ വർത്തിച്ചിട്ടുണ്ട്.   മിക്ക അക്രമങ്ങൾക്കും മുമ്പ് മതപരിവർത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ആസൂത്രിതമായി നടത്തപ്പെടുന്ന ആക്രമണങ്ങൾക്കും കേസുകൾക്കും പിന്നിൽ ഗൂഢാലോചന സംശയിക്കാവുന്നതാണെന്നും കെ.സി.ബി.സി  കുറിപ്പിൽ പറയുന്നു.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളിൽ സേവന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന്​ സന്യസ്തർക്കും ഒട്ടേറ വൈദികർക്കും അവരുടെ സ്ഥാപനങ്ങൾക്കും ഉറപ്പുവരുത്താൻ സംസ്ഥാന കേന്ദ്രസർക്കാറുകൾ തയാറാകണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

വർഗ്ഗീയത വർധിക്കുന്നതിന് കാരണമാകുന്ന വ്യാജവാർത്തകൾ, സോഷ്യമീഡിയയിലൂടെയുള്ള വിവേചനങ്ങൾ നിയമങ്ങളുടെ ദുരുപയോഗം തുടങ്ങിയവ നിയന്ത്രിക്കാനും ഇത്തരം സാഹചര്യത്തിൽ അതിന്​ ഇരകളാകുന്നവർക്ക്​ ​​പ്രത്യേക സംരക്ഷണം നൽകാനും ഭരണകൂടം തയാറാകണം. ആയിരക്കണക്കിന്​ സന്യസ്തരും വൈദികരും എണ്ണമറ്റ ക്രൈസ്തവ കുടുംബങ്ങളും വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഇത്തരം ഭീഷണികളെ നേരിടുന്ന പശ്ചാത്തലത്തിൽ കേരള സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും കെ.സി.ബി.സി അഭ്യർഥിച്ചു..

Tags:    
News Summary - The persecution of Christians in various Indian states is worrying - KCBC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.