ബംഗളൂരു: ഉപഭോക്താവ് അപേക്ഷിച്ചിട്ടും കന്നഡ പറയാതെ ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയിൽ ഉറച്ചുനിന്ന കര്‍ണാടകയിലെ എസ്.ബി.ഐ ബാങ്ക് മാനേജർ ഒടുവിൽ മാപ്പു പറഞ്ഞു. അതും ശുദ്ധ കന്നഡയിൽ. മാനേജറെ സ്ഥലം മാറ്റിയതിനൊടുവിലാണ് ക്ഷമാപണവുമായി രംഗത്തു വന്നത്. കർണാടകയിലെ എസ്.ബി.ഐ സൂര്യനഗർ ബ്രാഞ്ചിലെ മാനേജരെയാണ് കഴിഞ്ഞ ദിവസം കന്നഡ സംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റിയത്.
ഇന്ത്യക്കാരിയായതിനാൽ ഹിന്ദിൽ മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയിലായിരുന്നു ഉദ്യോഗസ്ഥ. സ്ഥലം മാറ്റപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് കന്നഡയിൽ തന്നെ ഉദ്യോഗസ്ഥ മാപ്പു പറഞ്ഞുകൊണ്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. താന്‍ കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും ഇനി മുതല്‍ കന്നഡയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥ വിഡിയോയിൽ പറയുന്നു. ഉദ്യോഗസ്ഥ സഹപ്രവർത്തകർ പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയുകയായിരുന്നു.
മാനേജറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തുവന്നിരുന്നു. കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗർ ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റം അപലപപിക്കപ്പെടേണ്ടതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഥലം മാറ്റത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രണ്ടു ദിവസം മുന്‍പാണ് ബാങ്ക് മാനേജറും ഉപഭോക്താക്കളും തമ്മില്‍ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലിയുള്ള വാക്‌പോര് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെടുകയും മാനേജർ അത് നിരസിക്കുകയും ചെയ്തതാണ് വാക്പോരിന് ഇടയാക്കിയത്. ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് ഇത് കർണാടകയാണെന്നും കന്നഡ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇന്ത്യയാണെന്ന് പറഞ്ഞുകൊണ്ട് മാനേജർ ആവശ്യം മാനേജർ നിരസിക്കുകയായിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉദ്യോഗസ്ഥക്കെതിരെ എസ്.ബി.ഐ അച്ചടക്ക നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.