കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കന്യാസ്ത്രീയെ മഠത്തിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡ് സെൻറ് തോമസ് കോൺവൻറിലെ കന്യാസ്ത്രീ ഇടുക്കി കോരുത്തോട് കുരിശുംമൂട്ടിൽ വീട്ടിൽ ജെസീനയെയാണ്​ (44) ​ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവരെ ഞായറാഴ്ച രാവിലെ 11 മുതൽ കാണാതായിരുന്നുവെന്ന്​ കോൺവെന്‍റ്​ അധികൃതർ പറഞ്ഞു. ഇതോടെ കോൺവൻറ് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോൺവൻറ് അധികൃതർ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് മഠത്തിന് പിന്നിലുള്ള പാറമടയിൽ മൃതദേഹം കണ്ടത്. പായൽ നിറഞ്ഞ പാറമടക്കുളത്തിൽ പൂർണമായി മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കഴുത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഷൂട്ടിങ് ലൊക്കേഷനായി ഉപയോഗിക്കുന്നതാണ് ഈ പാറമടക്കുളം. മഠത്തിെൻറ വളപ്പിൽനിന്ന് പാറമടയിലേക്കിറങ്ങാൻ പടികൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പന്ത്രണ്ടോളം കന്യാസ്ത്രീകളാണ് ഇവിടത്തെ താമസക്കാർ. ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയപ്പോഴാണ് ജെസീനയെ കാണാതായെന്ന വിവരം ലഭിച്ചത്. തുടർന്ന് സമീപത്തെ കൃഷിത്തോട്ടത്തിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

2018ലാണ്​ ഇവർ സെൻറ് തോമസ് കോൺവൻറിലെത്തിയത്. ജെസീന മാനസിക വിഭ്രാന്തിയെ തുടർന്ന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2011 മുതൽ ഇവർക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം സംഭവത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിച്ചു. മാനസിക പ്രശ്നങ്ങൾ ഉള്ളതായി തങ്ങൾക്ക് അറിയില്ല. ശനിയാഴ്ച രാത്രി അമ്മയെ വിളിച്ചപ്പോൾ പോലും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജെസീനയെ കാണാതായ വിവരം അധികൃതർ തങ്ങളെ അറിയിച്ചത് വൈകീട്ട് അഞ്ച് മണിയോടെയാണെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വീട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.