ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് വ്യാഴാഴ്ച തുടക്കം

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് വ്യഴാഴ്ച തുടക്കമാകും. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ്‌ നടക്കും.

രാവിലെ 9.30നാണ് പരിപാടി‍ തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത്. പ്രസംഗം പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്.

ജനപ്രതിനിധികളും സംഘടനകളും കൂട്ടായ്മകളും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ കേന്ദ്രത്തിലും പരിപാടികളില്‍ പങ്കെടുക്കും. ഗുരുവായൂർ രുഗ്മിണി റീജൻസി ഓഡിറ്റോറിയത്തിൽ തൃശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്‍റെ ഈ മഹാപോരാട്ടത്തില്‍ ഓരോ മലയാളിയും കണ്ണിചേരണമെന്ന് എം.ബി രാജേഷ് അഭ്യര്‍ഥിച്ചു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്‍റെ ബ്രാൻഡ് അംബാസിഡര്‍. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയും സ്കൂള്‍ തലം വരെയും ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ക്യാമ്പയിൻ വിജയിപ്പിക്കാൻ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മതസാമുദായിക സംഘടനകള്‍, വ്യാപാരികള്‍, യുവജനവിദ്യാര്‍ഥി സംഘടനകള്‍, അധ്യാപക-ജീവനക്കാരുടെ സംഘടനകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തിയിരുന്നു. എല്ലാ സംഘടനകളും ക്യാമ്പയിന് പരിപൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - The Navakerala Munnetraam campaign against drug addiction started on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.