ദേശീയപതാക ചൈനയിൽനിന്ന്; തീരുമാനം പിൻവലിക്കണം –കോൺഗ്രസ്

ന്യൂഡൽഹി: സ്വാതന്ത്ര്യസമരത്തെക്കുറിച്ചോ ദേശീയചിഹ്നങ്ങളെക്കുറിച്ചോ ഒരു അറിവുമില്ലാത്ത കപട ദേശീയവാദികളാണ് ബി.ജെ.പിയെന്ന് കോൺഗ്രസ്. പോളിസ്റ്റർ ത്രിവർണ പതാകകൾ നിർമിക്കാനും ഇറക്കുമതി ചെയ്യാനും അനുവദിച്ചുകൊണ്ടുള്ള ദേശീയപതാക കോഡ് ഭേദഗതി ചെയ്തത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

ലഡാക്കിൽ പുതുതായി 1,000 ചതുരശ്ര കിലോമീറ്റർ ചൈനീസ് പട്ടാളം കൈയടക്കിയ സമയത്താണ് ചൈനയിൽനിന്ന് ഇന്ത്യൻ പതാകകൾ ഇറക്കുമതി ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാതിലുകൾ തുറന്നിടുന്നതെന്ന് കോൺഗ്രസ് വക്താവ് അജോയ് കുമാർ ആരോപിച്ചു. ദേശീയപതാക കോഡ് ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘ നടത്തുന്ന ധ്വജ സത്യഗ്രഹത്തെ കോൺഗ്രസ് പിന്തുണക്കും.

ഖാദി ഉൽപന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്യുന്ന നരേന്ദ്ര മോദി ഈ വ്യവസായത്തെ തകർക്കുകയാണ്. പോളിസ്റ്റർ കുത്തകകളെ സഹായിക്കുന്ന തീരുമാനം ഖാദിയുടെ അന്ത്യംകുറിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഖാദിയുടെ ദേശീയപതാകകൾ നിർമിക്കാൻ ലൈസൻസുള്ള ഏക യൂനിറ്റാണ് കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘയെന്നും പുതിയ ഭേദഗതിയോടെ യൂനിറ്റ് അടച്ചുപൂട്ടേണ്ടിവരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

Tags:    
News Summary - The national flag is from China; The decision should be reversed – Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.