ചങ്ങനാശ്ശേരി: ശബരിമല സ്വർണക്കവർച്ച വിഷയത്തിൽ സർക്കാറും കോടതിയും ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. 149ാമത് മന്നം ജയന്തി ആഘോഷഭാഗമായി പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ വിശദീകരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുറ്റവാളികൾ ആരുതന്നെയായാലും അവരെ കണ്ടുപിടിക്കുന്നതിന് സർക്കാർ സംവിധാനത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ മാത്രം ഇടപെട്ടാൽ മതിയെന്ന നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്. ശബരിമല വിശ്വാസ സംരക്ഷണത്തിൽ ആരുടെയും ഭീഷണിക്കു മുന്നിൽ എൻ.എസ്.എസ് തലകുനിക്കില്ല. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഇക്കാര്യത്തിൽ എൻ.എസ്.എസിനെ കരുവാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആചാരാനുഷ്ഠാനങ്ങൾ പഴയപോലെതന്നെ നിലനിർത്തുമെന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിനായി സർക്കാർ മുൻകൈയെടുത്ത് പമ്പയിൽ നടത്തിയ സംഗമത്തിൽ എൻ.എസ്.എസും പങ്കെടുത്തത്.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. എന്നാൽ, സമുദായ അംഗങ്ങൾക്ക് ഏതുരാഷ്ട്രീയവും സ്വീകരിക്കാമെന്ന സമദൂരനിലപാടാണ് എൻ.എസ്.എസിന്റേത്. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും എന്നും സംരക്ഷിക്കണമെന്ന നിലപാടാണ് എൻ.എസ്.എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽപെടുന്ന പൊതുഅവധിയായി പ്രഖ്യാപിച്ച സംസ്ഥാനസർക്കാറിനെ അഭിനന്ദിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനോ പഠിക്കുന്നതിനോ തയാറാകാതെ, സംഘടനയെയും നേതൃത്വത്തെയും വിമർശിക്കുന്ന ചിലരെങ്കിലും ഇപ്പോഴും ഈ സമുദായത്തിലുണ്ട്. അത്തരം എതിർപ്പുകളെല്ലാം എൻ.എസ്.എസിന്റെ ഉയർച്ചക്ക് കൂടുതൽ സഹായകരമായിട്ടേയുള്ളൂ.
സംഘടനക്കെതിരെ പ്രവർത്തിക്കുന്നത് സ്വന്തം സമുദായത്തിൽതന്നെയുള്ള ചില ക്ഷുദ്രജീവികളാണ്. എൻ.എസ്.എസിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ പരാജയപ്പെട്ടതോടെ നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യ നടത്തി. നേതൃസ്ഥാനത്തിരിക്കുന്നവരെ കരിവാരിത്തേക്കാനാണ് അവരുടെ ശ്രമം. ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ തനിയെ പരാജയപ്പെടുകയേയുള്ളൂവെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.