മഴയിൽ വിറച്ച് മലയോരം; മരങ്ങൾ വീണ് മൂന്ന് മരണം

തൊടുപുഴ: ജില്ലയിൽ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച ഹൈറേഞ്ചിൽ തോട്ടംതൊഴിലളികളായ മൂന്നുപേരാണ് മരം വീണ് മരിച്ചത്. തിങ്കളാഴ്ച പീരുമേട്ടിലും അടിമാലിയിലുമായി രണ്ടുപേർ മഴക്കെടുതിയിൽ മരിച്ചിരുന്നു. നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടം നടന്നത്.

തോട്ടം മേഖലയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ തൊഴിലാളികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടിമാലി ദേവിയാർ പുഴയിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിനായി തിരച്ചിൽ തുടരുകയാണ്. പലയിടത്തും മഴ ശക്തമായതോടെ ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കൂടുതൽ മഴ ലഭിച്ചത് ദേവികുളത്താണ്- 70.2 മി.മീ. ഇടുക്കിയിൽ 60.8 മി.മീ., പീരുമേട് -28 മി.മീ., തൊടുപുഴ-26.2, ഉടുമ്പൻചോല- 18 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ ലഭിച്ച മഴയുടെ അളവ്.

ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു

മൂലമറ്റം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ ഗണ്യമായ വർധന. അഞ്ച് ദിവസംകൊണ്ട് അഞ്ചടിയുടെ വർധനയാണ് ഉണ്ടായത്. ജൂലൈ ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 2340.74 അടി ആയിരുന്നുവെങ്കിൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം ഇത് 2345.54 അടിയാണ്.

ചൊവ്വാഴ്ച ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് 60.8 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ 31.06 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. ഈ മാസം ഇതുവരെ 110.06 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. നിലവിൽ അണക്കെട്ടിൽ പൂർണ സംഭരണശേഷിയുടെ 42.14 ശതമാനം ജലം ഉണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 49 ശതമാനം ജലം ശേഷിച്ചിരുന്നു.

വീടിന് മുകളിൽ മരം വീണു

അടിമാലി: രാജാക്കാട് മാവറ സിറ്റിയില്‍ വയോധികയുടെ വീടിനു മുകളിൽ മരം വീണു. ആറ്റുംകരയില്‍ അന്നക്കുട്ടിയുടെ വീടിനു മുകളിലേക്കാണ് ചൊവ്വാഴ്ച ഉച്ചക്ക് 12ന് വന്‍ മരം ഒടിഞ്ഞു വീണത്. അന്നക്കുട്ടിയും അസുഖബാധിതനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കില്ല. വീടിന്റെ അടുക്കള ഭാഗത്തെ ഷീറ്റ് മേല്‍ക്കൂര തകര്‍ന്നു. ഉടുമ്പന്‍ചോല പഞ്ചായത്തംഗം ബെന്നി തുണ്ടത്തില്‍, റവന്യൂ അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.

Tags:    
News Summary - The mountainside shivered in the rain; Three killed by falling trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.