മെഡിക്കൽ ഇൻഷുറൻസ് നിഷേധിച്ചു; ഇൻഷുറൻസ് കമ്പനിയും ബാങ്കും നഷ്ടപരിഹാരം നൽകാൻ വിധി

കൊച്ചി: ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ പോളിസി ഉടമക്ക് ക്ലെയിം നിഷേധിച്ചതിന് ഇൻഷുറൻസ് കമ്പനിയും ഇൻഷുറൻസ് വിപണനത്തിന് ഇടനിലക്കാരായ ബാങ്കും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ പി.ആർ. മിൽട്ടൺ, ഭാര്യ ഇവ മിൽട്ടനും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ചോളമണ്ഡലം ഇൻഷുറൻസ് കമ്പനിയും ഇടനിലക്കാരായ യൂണിയൻ ബാങ്കും 2,23,497 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കമീഷൻ പ്രസിഡന്‍റ് ഡി.ബി. ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നൽകിയത്.

2020 ആഗസ്റ്റ് 22ന് നെഞ്ചുവേദന തുടർന്നാണ് പരാതിക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഷ് ലെസ് സൗകര്യമുണ്ടെന്ന് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ബിൽ തുക മുഴുവൻ പരാതിക്കാരൻ തന്നെ നൽകേണ്ടി വന്നു. പോളിസിയെടുത്ത് അഞ്ചുമാസം മാത്രമേ ആയുള്ളുവെന്നും രണ്ടു വർഷം കഴിഞ്ഞാൽ മാത്രമേ ഇത്തരം രോഗങ്ങൾക്ക് ഇൻഷുറൻസ് തുക അനുവദിക്കാൻ കഴിയുകയുള്ളുവെന്നും ഇൻഷുറൻസ് കമ്പനി കോടതിയെ ബോധിപ്പിച്ചു.

പോളിസി എടുത്തപ്പോൾ നടത്തിയ രോഗാവസ്ഥയുടെ സ്വയം വെളിപ്പെടുത്തലും സുതാര്യമായ പരിശോധനകളും പരിഗണിക്കാതെ തികച്ചും സാങ്കേതികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹെൽത്ത് ഇൻഷുറൻസ് തുക നിരസിക്കുന്ന കമ്പനികളുടെ നടപടി അധാർമികവും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി കണ്ടെത്തി.

തങ്ങൾ ഇൻഷുറൻസ് വിൽപനയിലെ ഇടനിലക്കാർ മാത്രമാണെന്നും ഇൻഷുറൻസ് കമ്പനിയുടെ ടേമ്സ് ആൻഡ് കണ്ടീഷൻസുമായി തങ്ങൾക്ക് ബന്ധമില്ലെന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ വാദങ്ങളും കോടതി തള്ളി. ചികിത്സ ചെലവായ 1,53,000 രൂപയും കോടതി ചെലവും നഷ്ടപരിഹാരവുമായി 70,000 രൂപയും ഒരു മാസത്തിനകം എതിർകക്ഷികൾ പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അഡ്വക്കേറ്റ് കെ.ജെ. ചാക്കോച്ചൻ പരാതിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായി.

Tags:    
News Summary - The medical insurance was denied and the insurance company and the bank had to pay a compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.