മക്കൾ വാപ്പക്കായി എഴുതി, ലോകത്ത് ഏറ്റവും നീളമുള്ള ഖുർആൻ

കൊച്ചി: തയ്യൽക്കാരനായ വാപ്പയുടെ ആഗ്രഹം നെഞ്ചേറ്റി നാലുമക്കൾ ചേർന്ന് എഴുതിയുണ്ടാക്കിയത് 3100 മീറ്റർ നീളം വരുന്ന ഖുർആൻ. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഖുർആൻ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്‍റെ പരിശോധനക്കായി കാത്തിരിക്കുകയാണ്.

കായംകുളം ഷാ ടൈലേഴ്സ് ഉടമ എം.കെ. നൗഷാദാണ് പിതാവ്. എറണാകുളം പള്ളുരുത്തി തർബിയ മസ്ജിദിൽ ഉസ്താദായ ഖാദർഷാ മൗലവി, കായംകുളം കിറ്റ് സ്കൂൾ അധ്യാപകൻ ഷാഫി മൗലവി, ഖുർആൻ മനപാഠമാക്കിയ അബ്ബാസ് ( ഹൈദ്രോസ് ഷാ), ഷെഫീഖ് എന്നിവരാണ് അപൂർവ ദൗത്യം ഏറ്റെടുത്ത മക്കൾ.


ഷർട്ട്, ജുബ്ബ പോലെയുള്ള വസ്ത്രങ്ങളിൽ കോളർ തയ്ക്കുന്ന കോളർ ക്യാൻവാസ് കൊണ്ടാണ് ഖുർആൻ നിർമ്മിച്ചത്. 20 മീറ്റർ നീളം വരുന്ന കോളർ ക്യാൻവാസിൽ പെർമനൻറ് മാർക്കർ കൊണ്ട് ഒറ്റവരിയായി ഖുർആൻ ആയത്തുകൾ എഴുതി. മനോഹരമായ കൈപ്പടയിൽ ആരും നോക്കി നിന്നു പോകുന്ന രചന.

ആകെ 155 റോൾ കോളർ കാൻവാസ് ഇതിന് വേണ്ടി ചിലവായി. ഓരോ റോളും തമ്മിൽ തുന്നിതയ്ച്ചാണ് ഖുർആൻ മുഴുവൻ രൂപത്തിലാക്കിയത്. അങ്ങനെ 3100 മീറ്റർ (3.1 കി.മീ.) നീളം വന്നു. ഒന്നര ഇഞ്ച് വീതി വരുന്നതാണ് കാൻവാസ്.

'ലോക്ഡൗൺ നാളുകളിലാണ് മക്കൾ ആഗ്രഹം നിറവേറ്റി തന്നത്. ജൂൺ എട്ടിന് തുടങ്ങി. ജൂലൈ 26ന് അവസാനിച്ചു. 111 മണിക്കൂർ ആകെ എടുത്തു' - നൗഷാദ് പറയുന്നു.

പത്തടി നീളമുള്ള ഷർട്ട്, 20454 ബട്ടൻ കൊണ്ട് ദേശീയ പതാക  198 രാഷ്ട്രങ്ങളുടെ പതാകയും ഒക്കെ നിർമിച്ച് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് ഈ പിതാവ്. 2004ൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം എറണാകുളത്ത് വന്നപ്പോൾ നൗഷാദിനെ വിളിച്ചു വരുത്തി അനുമോദിച്ചിരുന്നു.

"പത്ത് മാർക്കർ വാങ്ങിയാണ് എഴുതിയത്. 40 ബോട്ടിൽ ഇങ്കും പിന്നീട് വാങ്ങി. ഖുർആൻ മുഴുമിച്ചപ്പോൾ ഏകദേശം 20000 രൂപ ചിലവ് വന്നു" - മക്കളിൽ ഒരാളായ കാദർഷ പറയുന്നു.

സജീവ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരായ മക്കൾ ഇത് വാപ്പക്ക് നൽകുന്ന അപൂർവ സമ്മാനമായി. വിലമതിക്കാനാകാത്ത നിധിയായി ഖുർആന്റെ ഈ കൈയെഴുത്ത് പ്രതി പ്രത്യേക പെട്ടിയിൽ 15 അധ്യായങ്ങൾ വീതമുള്ള രണ്ട് ഭാഗങ്ങളായി സൂക്ഷിച്ചിരിക്കുകയാണ് വീട്ടിൽ.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.