പ്രതിപക്ഷനേതാവ് കെ.എസ്.യു നേതാവിൽ നിന്ന് ഇനിയും വളര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കെ.എസ്.യു നേതാവില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്തു കേസില്‍ ആരോപണം നേരിടുന്ന സ്പീക്കറെ സ്ഥാനത്തുനിന്നും നീക്കണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയത്തിനെതിരെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തനിക്കെതിരായ പ്രമേയം ചർച്ച ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും വിയോജിപ്പിന്‍റെ ശബ്ദത്തെ സഭ ആഘോഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. ഈ ചര്‍ച്ച നടക്കട്ടെയെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. വേണമെങ്കില്‍ സ്പീക്കറുടെ അധികാരമുപയോഗിച്ച് ചര്‍ച്ച ഒഴിവാക്കാമായിരുന്നു. സർക്കാരിനെ അടിക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ട് സ്പീക്കറെ അടിക്കുന്നു എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ചെന്നിത്തലയുടെ പ്രസംഗം കേട്ടിട്ടുണ്ട്. മനുഷ്യന്‍റെ തലക്കും തെങ്ങിന്‍റെ കുലക്കും വിലയില്ലാത്ത നായനാരുടെ ഭരണം എന്നായിരുന്നു പ്രസംഗം. അദ്ദേഹം തീരെ വളരാത്ത നേതാവാണ്. ഇപ്പോഴും കെ.എസ്.യു നേതാവിന്റെ വളര്‍ച്ചയേ ഉള്ളു. അതുപോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പിന്‍ബലത്തില്‍ കേരളത്തിലെ അധ്യക്ഷ വേദിക്കെതിരെ ഇന്ത്യയിലാദ്യമായി പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷ നേതാവെന്ന് നിങ്ങള്‍ക്ക് അഭിമാനിക്കാം. അതാണ് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ഖൂര്‍ആന്‍ വാക്കുകള്‍ ഉദ്ധരിച്ചാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. 'സത്യവിശ്വാസികളെ നിങ്ങൾ ഊഹങ്ങളെ പിന്തുടരരുത്. അത് കുറ്റമാകുന്നു'; എന്നാണ് ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്.

പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം തള്ളി

പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന്​ സഭയിൽ ഭൂരിപക്ഷം കിട്ടാത്തതിനാൽ തള്ളി. ആരോപണ വിധേയനായ സ്​പീക്കർ തൽസ്​ഥാനത്ത്​ നിന്ന്​ മാറി നിൽക്കാത്തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.

വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്​. ഇതിന് മുന്നോടിയായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയാണ് സഭ നിയന്ത്രിച്ചത്​.

എം. ഉമ്മർ എം.എൽ.എയാണ്​ പ്രമേയം അവതരിപ്പിച്ചത്​. സ്​പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത്​ ദൗർഭാഗ്യകരണമാണെന്ന്​ പറഞ്ഞാണ്​ ഉമ്മർ എം.എൽ.എ പ്രമേയം തുടങ്ങിയത്​. അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്​ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്​ട്രീയപ്രേരിതമോ വ്യക്​തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ്​പീക്കറെ നീക്കണമെന്നും എം. ഉമ്മർ പറഞ്ഞു.

വസ്​തുതകളുടെ പിൻബലമില്ലാത്ത പ്രമേയമാണ്​ അവതരിപ്പിച്ചതെന്നും പ്രതിപക്ഷത്തി​ന്‍റെ നീക്കം രാഷ്​ട്രീയ പ്രേരിതമാണെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. സംശയത്തിന്‍റെ പൊടി പോലും അവശേഷിക്കരുതെന്ന്​ ഭരണപക്ഷത്തിന്​ നിർബന്ധമുള്ളതുകൊണ്ടാണ്​ പ്രമേയത്തിന്​ അവതരണാനുമതി ലഭിച്ചതെന്ന്​ എസ്​. ശർമ്മ പറഞ്ഞു.

ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ പ്രമേയ അവതരണത്തെ പിന്തുണച്ചു.

പ്രമേയം തള്ളണമെന്ന്​ സ്​പീക്കർ ശ്രീരാമകൃഷ്​ണൻ ആവശ്യപ്പെട്ടു. തൽസ്​ഥാനത്ത്​ നിന്ന്​ മാറിനിൽക്കാൻ സ്​പീക്കർ തയാറാകാത്തതിൽ പ്ര തിഷേധിച്ച്​ സഭ വിടുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പ്രഖ്യാപിക്കുകയായിരുന്നു. ഉടനെ പ്രതിപക്ഷാംഗങ്ങൾ ചെന്നിത്തലയുടെ നേതൃത്വത്തിൽ സഭവിട്ടിറങ്ങി. പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിന്​ സഭയിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ തള്ളുകയാണെന്ന്​ ഡെപ്യൂട്ടി സ്​പീക്കർ വി.ശശി പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.