ഏറ്റവും വലിയ നികുതിദായകനും കടക്കാരനും മലയാളി തന്നെ, ആളോഹരി നികുതിഭാരം 19,312 രൂപ

കോട്ടയം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാന നികുതി കൊടുക്കാൻ വിധിക്കപ്പെട്ട പൗരന്മാർ മലയാളികളാണെന്ന് കണക്കുകൾ. അതേസമയം, ഏറ്റവും കൂടുതൽ കടബാധ്യത പേറുന്ന പൗരന്മാരും മലയാളികൾ തന്നെ. ഏറ്റവും കൂടുതൽ സംസ്ഥാന നികുതികൾ ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. 2021–22 കാലഘട്ടത്തിൽ കേരളത്തിലെ 33406061 ജനങ്ങളിൽ ഓരോ വ്യകതിയിൽ നിന്നും കേരളസർക്കാർ നികുതിയായി പിരിച്ചത് 19312 രൂപ വീതമാണ്. 365 ദിവസം ഉള്ള ഒരു വർഷം പ്രതിദിനം 53 രൂപയാണ് ജനിച്ചു വിണ കുട്ടിയടക്കം ഓരോ പൗരനും വിവിധ നികുതികളായി സംസ്ഥാന സർക്കാറിലേക്ക് അടക്കുന്നത്. ദേശീയ ശരാശരി ആകട്ടെ 11016 രൂപാ മാത്രമായിരിക്കെയാണിത്.

കേരളത്തിൽ തൊട്ടുപിന്നിലുള്ളത് വ്യവസായ വികസിത സംസ്ഥാനമായ മഹാരാഷ്ട്രയാണ്. ഇവിടെ ആളോഹര സംസ്ഥാന നികുതി 18163 രൂപയാണ്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന തമിഴ്നാട്ടിൽ. 17501 രൂപയും. നാലാം സ്ഥാനത്ത് 16545 രൂപയുമായി കർണാടകയും അഞ്ചാം സ്ഥാനത്ത് ഗുജറാത്തും (15160 രൂപ) ആറാം സ്ഥാനത്ത് ആന്ധ്രാപ്രദേശും (13160 രൂപ) ഏഴാം സ്ഥാനത്ത് പഞ്ചാബ് (11416 രൂപ) എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളുടെ നില. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ ഒരു പൗരൻ നൽകുന്ന നികുതി 7371 രൂപാ മാത്രമാണ്.

കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ധനകാര്യമന്ത്രി എടുത്തുപറഞ്ഞ ഒരു നേട്ടം ഏറ്റവും കൂടുതൽ ശമ്പളം സർക്കാർ ജീവനക്കാർക്കും /അധ്യാപകർക്കും നൽകുന്ന സംസ്ഥാനം കേരളമാണെന്നാണ്. വൈദ്യുതി നിരക്കിലും ബസ് ചാർജിലും സാധാരണക്കാരായ ജനങ്ങളെ കേരളം ചൂഷണം ചെയ്യുന്നു എന്ന ആക്ഷേപം നിലനിൽക്കെയാണ് മന്ത്രിയുടെ അവകാശവാദം ഉയർന്നിരിക്കുന്നത്.

280 യൂണിറ്റ് വൈദ്യുതിക്ക് തമിഴ്നാട്ടിൽ 405 രൂപ വാങ്ങുമ്പോൾ കേരളത്തിൽ 1142 രൂപ നൽകണം. ഇനിയും നിരക്കു കൂട്ടാനുള്ള നീക്കം അവസാന ഘട്ടത്തിലാണ്. രണ്ടു കിലോമീറ്റർ ഓർഡിനറി ബസ് യാത്രക്ക് തമിഴ്നാട്ടിൽ അഞ്ചു രൂപ മതിയാകുമെങ്കിൽ കേരളത്തിൽ 2.5 കിലോമീറ്ററിന് നിലവിൽ എട്ടു രൂപാ കൊടുക്കണം. അടുത്തു തന്നെ ഇത് 10 രൂപാ ആയി ഉയർത്തും.

രാജ്യത്തെ ഏറ്റവും വലിയ കടക്കാരനും കേരളത്തിലുള്ളവർ തന്നെ. മലയാളിയുടെ ആളോഹരി കടം 82622 രൂപയാണ്. കർണാകത്തിൽ 47076 രൂപയും ഉത്തർപ്രദേശിൽ 24813 രൂപയും ദേശീയ ശരാശരി 38893 രൂപയുമാണ്. കടത്തിൽ കേരളമാണ് ഒന്നാം സ്ഥാനത്തെന്നതിനാൽ തന്നെ പലിശ കൊടുക്കുന്ന കാര്യത്തിലും കേരളം തന്നെയായിരിക്കും ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ നികുതി നൽകുന്ന വ്യകതി തന്നെ ഏറ്റവും കൂടുതൽ കടഭാരം വഹിക്കേണ്ടിവരുന്നു എന്നതാണ് കേരളത്തിന്‍റെ ദുരന്തം.

വികസനത്തിനാണ് കടമെടുക്കുന്നതെങ്കിൽ സംസ്ഥാനത്തിന്‍റെ ആസ്തിയിൽ അതിനനുസരിച്ചുള്ള വർധനവുണ്ടാകണം. എന്നാൽ അതുണ്ടായില്ല. 2016-17ൽ 29084 കോടി രൂപ കടമെടുത്തപ്പോൾ സംസ്ഥാനത്ത് ആസ്തി വർധിച്ചത് 8622 കോടിയുടേതു മാത്രമാണ്. 2017-18 കടമെടുപ്പ് 24308 കോടിയും ആസ്തി 7808 മാണ്. 2018-19 ൽ ഇവ യഥാക്രമം 24680 കോടിയും 7814 കോടിയുമാണ്. 2020-21ൽ 36507 കോടിയും 2021-22 30837 കോടിയും കടമെടുത്തിട്ടുണ്ട്. ഈ കാലയളവിൽ സംസ്ഥാനത്തിന്‍റെ ആസ്തി എത്ര വർധിച്ചുവെന്ന കണക്ക് പൂർണമായി പുറത്തുവന്നിട്ടില്ല.

പണം വായ്പയെടുക്കുന്നതും പലിശ നൽകുന്നതും വികസനത്തിനായിട്ടല്ല എന്ന് ഇതിൽ നിന്നു മനസിലാക്കാം. 327655 കോടിയിൽ നിൽക്കുന്ന സംസ്ഥാന കടം ഈ വർഷം എത്രയായി ഉയരും എന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. ഇനിയും നികുതി കൂട്ടി പിടിച്ചു നിൽക്കാൻ കേരളത്തിനു അധികകാലം കഴിയുകയുമില്ല.

Tags:    
News Summary - The largest taxpayer and debtor is a Malayalee, with a per capita tax burden of Rs 19312

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.