നിയുക്ത മന്ത്രി വി.എന്‍. വാസവന്‍ കുടുംബത്തോടൊപ്പം

ഇല്ലായ്മകളോട് പടവെട്ടി വെന്നിക്കൊടി പാറിച്ചു; ആദ്യമായി മന്ത്രിയെ ലഭിച്ച ആഹ്ലാദത്തിൽ ഏഴരപൊന്നാനയുടെ നാട്

തങ്ങള്‍ക്ക് ആദ്യമായി മന്ത്രിയെ ലഭിച്ച സന്തോഷത്തിലാണ് ഏഴരപൊന്നാനയുടെ നാട്. കേരളപിറവിക്കുശേഷം നടന്ന 15 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏറ്റുമാനൂരിന് സമ്മാനിച്ചത് ഒമ്പത് എം.എല്‍.എമാരെ. ഇതില്‍ ഒമ്പതാമനായ പാമ്പാടി ഹിമഭവനില്‍ വി.എന്‍. വാസവന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കോട്ടയം സ്വദേശിയായ ആദ്യ സി.പി.എം മന്ത്രിയായി.

1996ലെ നായനാര്‍ മന്ത്രിസഭയില്‍ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് സി.പി.എമ്മിലെ ടി.കെ. രാമകൃഷ്ണന്‍ മന്ത്രിയായിരുന്നുവെങ്കിലും അദ്ദേഹം കോട്ടയം സ്വദേശി ആയിരുന്നില്ല. എന്നാല്‍, വാസവന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കോട്ടയം ജില്ലയിലെ രണ്ടാമത് സി.പി.എം മന്ത്രി എന്ന നിലക്ക്​ മാത്രമല്ല, ഏറ്റുമാനൂരില്‍നിന്നുള്ള ആദ്യമന്ത്രി എന്ന പ്രത്യേകതയുമുണ്ട്​.

വികസനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ജനകീയ മുഖമെന്ന് വിശേഷിപ്പിക്കാവുന്ന വി.എന്‍. വാസവന്‍ കടന്നുവന്ന വഴികള്‍ ഇല്ലായ്മകളോട് പടവെട്ടിയും പ്രതിസന്ധികളെ അതിജീവിച്ചുമാണ്​. ജില്ലയില്‍ വിപ്ലവപ്രസ്ഥാനത്തിന്​ ആഴത്തിൽ വേരോടിച്ച നേതാവെന്ന നിലയില്‍ രാഷ്ട്രീയരംഗത്ത് കോട്ടയത്തെ അതികായനായി മാറി. ഐ.ടി.ഐ വിദ്യാഭ്യാസകാലത്ത് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി.

കുടുംബത്തെ സഹായിക്കാൻ നാട്ടിൽ ചെറിയ ജോലികളും അക്കാലത്ത് ചെയ്തു. മറ്റക്കരയിലെ ജ്ഞാനപ്രബോദിനി വായനശാലയിലൂടെ വായനയുടെ വിശാലമായ ലോകത്തും യുവജന പ്രസ്ഥാനത്തിന്‍റെ പഠന ക്ലാസുകളിലും സജീവമായി. കെ.എസ്​.വൈ.എഫിന്‍റെ ജില്ല വൈസ് പ്രസിഡന്‍റും സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം പള്ളിക്കത്തോട് ലോക്കൽ സെക്രട്ടറിയുമായി.

പഞ്ചായത്തിലേക്കായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം. വിജയിച്ചുവെന്നു മാത്രമല്ല, വാസവന്‍റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാർട്ടി ആദ്യമായി പഞ്ചായത്ത് ഭരണവും പിടിച്ചെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ തട്ടകമായിരുന്ന പാമ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വാസവന്‍ നിയോഗിക്കപ്പെട്ടു.

വാസവനിലെ രാഷ്ട്രീയ നേതാവിനെ പാമ്പാടി പൂർണതയിൽ എത്തിച്ച ചരിത്രമാണ് പിന്നീട് കാണാൻ സാധിച്ചത്. ചെത്തുതൊഴിലാളി യൂനിയന്‍റെ അമരക്കാരനായി മാറിയ അദ്ദേഹത്തിന്‍റെ താമസം അക്കാലത്ത് പാമ്പാടിയിലെ പാർട്ടി ഓഫിസിൽ ആയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച യൂനിയനാക്കി പാമ്പാടി യൂനിയനെ അദ്ദേഹം മാറ്റി.

1978ൽ ഏതാനും തൊഴിലാളികളെ ​െവച്ച്​ വാസവൻ പാമ്പാടിയിൽ ആരംഭിച്ച മേയ് ദിന റാലി നാല്​ പതിറ്റാണ്ടായി തുടരുന്നു. അന്തരിച്ച സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ ആരാധകനായിരുന്ന വാസവൻ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ നവലോകം സാംസ്കാരിക കേന്ദ്രം രൂപീകരിച്ച് മലയാള സാഹിത്യ തറവാട്ടിലെ പ്രമുഖരെ പൊൻകുന്നം വർക്കിയുടെ തറവാട്ടിലെത്തിച്ചു.

സഹകരണ മേഖലയിൽ സി.പി.എമ്മിന്‍റെ ബലം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഇതിനിടെ തുടങ്ങി. വെള്ളൂർ സർവിസ് സഹകരണ ബാങ്കിന്‍റെ ഭരണം പിടിച്ചെടുത്തു. പാമ്പാടിയിൽ റൂറൽ ഹൗസിങ് സൊസൈറ്റി രൂപീകരിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി, ജില്ല പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് കേന്ദ്ര കമ്മിറ്റി അംഗമായി. പാർട്ടിയിലും അതിവേഗ വളർച്ചയായിരുന്നു വാസവന്.

ജില്ല സെക്രട്ടറിയേറ്റ് അംഗം, ജില്ല സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെത്തി. ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ്​ സ്ഥാനത്തും പ്രവർത്തിച്ചു. സഹകരണ കൺസോർഷ്യം രൂപീകരിച്ച്​ റബ്കോയുടെ ആരംഭത്തിനും നേതൃത്വം നൽകി.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയെ ഇന്നുകാണുന്ന വിധത്തിലുള്ള ആശുപത്രിയായി ഉയർത്തിയത് വാസവന്‍റെ കൂടി വികസന സങ്കൽപ്പങ്ങളാണ്. 40 വർഷമായി ആശുപത്രിയുടെ വികസനസമിതി അംഗമായി പ്രവർത്തിക്കുന്നു. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാനായി രോഗികൾക്ക് ആഹാരവിതരണം ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം നൽകിവരുന്നു.

കന്നി അങ്കം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയായിരുന്നു. 1987ലെ തെരത്തെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം താഴ്ത്താൻ സാധിച്ചു. ഒരു തവണ കൂടി പുതുപ്പള്ളിയിൽ മത്സരിച്ചു. 2006ൽ കോട്ടയം നിയമസഭ മണ്ഡലത്തിൽനിന്ന്​ മത്സരിച്ച്​ എം.എൽ.എ ആയി. പിന്നീട് ഒരു തവണ കൂടി കോട്ടയത്തുനിന്ന്​ നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷെ, അത് വിജയത്തിലേക്കുള്ള കുതിപ്പ് തന്നെയായിരുന്നു.

യു.ഡി.എഫ് കൈപ്പിടിയില്‍ ഒതുക്കിയിരുന്ന ഏറ്റുമാനൂര്‍ നിയോജകമണ്ഡലം 2011ല്‍ അഡ്വ. കെ. സുരേഷ്കുറുപ്പിലൂടെ എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. 1801 വോട്ടായിരുന്നു ഭൂരിപക്ഷം. 2016ല്‍ ഭൂരിപക്ഷം 8899 ആയി ഉയര്‍ത്തി സുരേഷ്കുറുപ്പ് വിജയം ആവര്‍ത്തിച്ചു. എന്നാല്‍, ഇക്കുറി പ്രതികൂലസാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും ഭൂരിപക്ഷം 14,303 ആയി ഉയർത്തിയാണ്​​ വാസവന്‍ ഏറ്റുമാനൂരില്‍ വെ​ന്നിക്കൊടി പാറിച്ചത്.

കോട്ടയത്തുനിന്നും ആദ്യമായി നിയമസഭയിലെത്തിയ വാസവന് മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം ലഭിച്ചിരുന്നു. മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമ റെഡ്ക്രോസ് പുരസ്കാരം, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വേള്‍ഡ് മലയാളി കൗണ്‍സില്‍ നല്‍കിയ ജീവകാരുണ്യ പുരസ്കാരം തുടങ്ങി ഇരുപതോളം അംഗീകാരങ്ങള്‍ വാസവനെ തേടിയെത്തി. കുറ്റിക്കല്‍ സെൻറ്​ തോമസ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക ഗീതയാണ് ഭാര്യ. മക്കള്‍: ഹിമ വാസവന്‍, ഗ്രീഷ്മ വാസവന്‍, മരുമകന്‍: ഡോ. നന്ദകുമാര്‍.

Tags:    
News Summary - The land of Ezharaponnana in the joy of getting a minister for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.