പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്നിധാനത്തെ പരിശോധന താൽക്കാലികമായി നിർത്തി. ജഡ്ജിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഘം മടങ്ങിയത്.
തിങ്കളാഴ്ച ഉച്ചവരെ പരിശോധിച്ചശേഷം സംഘം മലയിറങ്ങി. ഇനി മാസപൂജക്കുശേഷം വീണ്ടും പരിശോധനക്കെത്തും. ഇതിനുശേഷമാകും ശബരിമലയിലെ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ആറന്മുളയിലെ പ്രധാന സ്ട്രോങ് റൂമിലെ കണക്കെടുപ്പ്.
ശനിയാഴ്ചയാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചത്. ഞായറാഴ്ചയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഭക്തർ വഴിപാടായി നൽകിയ പല വസ്തുക്കളുടെയും കൃത്യമായ രേഖകളില്ലാത്തത് കണക്കെടുപ്പിനെ ബാധിച്ചു.
രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മിൽ വൈരുധ്യമുള്ളതും ആശയക്കുഴപ്പമുണ്ടാക്കി. മഹസറും രജിസ്റ്ററും അനുസരിച്ച് സ്വർണം, വെള്ളി, ചെമ്പ് എന്നിങ്ങനെ തരംതിരിച്ചശേഷം ഇവയുടെ മൂല്യം നിർണയിച്ച് പട്ടിക തയാറാക്കുകയാണ് സംഘം ചെയ്തത്. മഹസറിൽ മാത്രം രേഖപ്പെടുത്തിയവ, രജിസ്റ്ററിൽ മാത്രമായുള്ളവ, ഇവ രണ്ടിലും ഇല്ലാത്തവ, തൂക്കത്തിൽ വ്യത്യാസമുള്ളവ എന്നിങ്ങനെ തരംതിരിച്ചാണ് പട്ടിക. എല്ലാ വസ്തുക്കളുടെയും തൂക്കവും രേഖപ്പെടുത്തി.
അളവും തൂക്കവും കൃത്യമായവയുടെ പട്ടികയും പ്രത്യേകമായുണ്ട്. പഴയ വാതിൽ, കട്ടിളപ്പടി എന്നിവയും പരിശോധിച്ചു. ദ്വാരപാലക ശിൽപപാളികളിൽ സ്വർണം പൂശിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻ അധികൃതർ ഞായറാഴ്ച സന്നിധാനത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.