ഗൃഹനാഥനെ കരുതൽ തടവിലാക്കി ബാങ്കുകാർ വീട് ജപ്തി ചെയ്തു

അന്തിക്കാട്: ഗൃഹനാഥനെ കരുതൽ തടവിലാക്കി പൊലീസ് സന്നാഹത്തോടെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തു. പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടിൽ സുരേഷ് (55) കുടുംബസമേതം താമസിച്ചിരുന്ന വീടാണ് ജപ്തി ചെയ്തത്. ബാങ്കുകാർ ജപ്തിക്കെത്തിയപ്പോൾ വീട്ടുകാർ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതോടെ വീടിന്റെ വാതിൽ കല്ലുകൊണ്ട് തകർത്ത് അകത്തു കടന്നാണ് പൊലീസ് കുടുംബത്തെ പുറത്തെത്തിച്ചത്.

ബഹ്റൈനിൽ ജോലി ചെയ്തിരുന്ന സുരേഷ് വർഷങ്ങൾക്കുമുമ്പ് എസ്.ബി.ഐ വടക്കാഞ്ചേരി ശാഖയിൽനിന്ന് വായ്പയെടുത്തിരുന്നു. ശരിയായവിധം വായ്പ തിരിച്ചടച്ചില്ല. പിന്നീട് നാട്ടിലെത്തിയപ്പോൾ ബാങ്കിലെ കടബാധ്യത പലിശയടക്കം 40 ലക്ഷം രൂപയായിരുന്നു.

പലവിധ കൃഷികൾ നടത്തി നോക്കിയെങ്കിലും ഒന്നിലും രക്ഷപ്പെട്ടില്ല. തുടർന്ന് കാട്ടൂരിലെ ഒരാൾക്ക് വീട് രജിസ്റ്റർ ചെയ്തുനൽകി ബാങ്കിലെ ബാധ്യത തീർത്തു. ശേഷം അയാളുടെ പേരിൽ രണ്ടു പേരുംകൂടി 1.32 കോടി രൂപ വായ്പയെടുത്തു. ബാങ്കിലെ ലോൺ അടച്ചുതീരുമ്പോൾ സുരേഷിന് ആധാരം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഇതെന്ന് പറയുന്നു.

താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറിയതോടെ സുരേഷ് സുഹൃത്തിന് ഒരു ലക്ഷം രൂപ നൽകി അഞ്ചു വർഷത്തേക്ക് വീടും മുൻവശത്തുള്ള കടമുറിയും പാട്ടത്തിനെടുത്തു. ലോണിന്റെ തിരിച്ചടവ് ഒരു വർഷം മുമ്പ് മുടങ്ങിയതോടെ ബാങ്ക് നടപടികൾ ആരംഭിച്ചു. ജപ്തിയിലേക്കു നീങ്ങിയതോടെ സുരേഷ് ആത്മഹത്യാപ്രവണതയോ മറ്റോ കാണിക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച സുരേഷിനെ അന്തിക്കാട് പൊലീസ് കരുതൽ തടവിലാക്കി.

തുടർന്ന് 20ലധികം പൊലീസുകാരുടെ അകമ്പടിയിൽ ബാങ്കുകാർ വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ സുരേഷിന്റെ ഭാര്യയും മക്കളും ചേർന്ന് ആത്മഹത്യ ഭീഷണി മുഴക്കി വീടിന്റെ വാതിലടച്ചു. തുടർന്ന് പൊലീസ് കോൺക്രീറ്റ് കട്ട ഉപയോഗിച്ച് വാതിൽ തകർത്താണ് അകത്തുകടന്നത്. കുടുംബാംഗങ്ങളെ പുറത്തെത്തിച്ചശേഷം ബാങ്കുകാർ ജപ്തി നടപടികൾ പൂർത്തിയാക്കി. വീട് മറിച്ചുവിൽക്കാനുള്ള സാവകാശം ബാങ്ക് അധികൃതർ നൽകിയില്ലെന്നും പിന്നിൽ കച്ചവടമാഫിയകൾ ഉണ്ടെന്നും സുരേഷ് ആരോപണമുന്നയിച്ചിരുന്നു.

Tags:    
News Summary - The house was seized by the bankers and the head of the household was put under preventive detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.