കാളികാവ്-വണ്ടൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കറുത്തേനി കരിമ്പന ഇസ്സുദ്ദീന്റെ വീട്
കാളികാവ്: കിണറും അടുക്കളയും ഒരുകിടപ്പുമുറിയും വണ്ടൂർ പഞ്ചായത്തിൽ. ഡൈനിങ് ഹാളും മറ്റുരണ്ടുകിടപ്പുമുറികളും സിറ്റൗട്ടും കാളികാവ് പഞ്ചായത്തിലും. കേൾക്കുന്നവർക്ക് തമാശയാണെങ്കിലും കഴിഞ്ഞ പത്തുവർഷമായി ഇക്കാരണത്താൽ ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം. കാളികാവ് കറുത്തേനി കരിമ്പന ഇസ്സുദ്ദീനും കുടുംബവുമാണ് ഒരേ സമയം രണ്ടു പഞ്ചായത്തുകളിലായി ഉണ്ണുന്നതും ഉറങ്ങുന്നതും.
പത്ത് സെൻറും ഒരു കൊച്ചു വീടുമാണ് കുടുംബത്തിനുള്ളത്. ഇതിൽ അഞ്ചര സെൻറ് സ്ഥലം വണ്ടൂർ പഞ്ചായത്തിലും നാലര സെൻറ് കാളികാവ് പഞ്ചായത്തിനുകീഴിലുമാണ്.
ഇരു പഞ്ചായത്തുകളുടെയും അതിർത്തി രേഖയിലാണ് ഇസ്സുദ്ദീന്റെ സ്ഥലം കിടക്കുന്നത്. പഞ്ചായത്തിന്റെ അതിർത്തിനിർണ്ണയത്തിലാണ് ഈ വസ്തു രണ്ടു പഞ്ചായത്തുകളിലുമായി വീതിക്കപ്പെട്ടത്. കേൾക്കുന്നവർക്ക് ഇതിൽ കുഴപ്പമൊന്നും ഇല്ലെന്ന് തോന്നാം. പക്ഷേ, വീട്ടുടമസ്ഥന്റെ പ്രയാസം ചില്ലറയല്ല. ബാങ്ക് ലോൺ, ഭൂമിയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ എന്നിവക്കൊക്കെ രേഖകൾ ഹാജരാക്കാൻ വില്ലേജുകളിൽ നിന്നുള്ള ഒരേ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
ഇതിന് ഒരു പാട് സമയവും പണവും ചെലവാക്കുകയും വേണം. സാധാരണ നിലയിൽ തൊട്ടടുത്ത പഞ്ചായത്തുകളുടെ അതിർത്തികൾ ഒരു സർവേ നമ്പറിൽ ഉൾപ്പെടാറുണ്ട്. എന്നാൽ വീടിനെ രണ്ടായി വേർതിരിക്കുന്ന പ്രയാസമാണ് ഇസ്സുദ്ദീൻ അനു ഭവിക്കുന്നത് . അതേ സമയം, കെട്ടിട നികുതി കാളികാവ് പഞ്ചായത്തിലടക്കാൻ അധി കൃതർ സൗകര്യം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.