ആലുവയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപത്തെ ഹോട്ടൽ ഗുണ്ടസംഘം തല്ലിത്തകർത്ത നിലയിൽ
ആലുവ: നഗരത്തിൽ വീണ്ടും ഗുണ്ടവിളയാട്ടം. ഹോട്ടൽ അടിച്ചുതകർത്ത ഗുണ്ടകൾ ഉടമയുടെ തല തല്ലിപ്പൊളിച്ചു. പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപത്തെ 'ഹോട്ടൽ ടർകീഷ് മന്തി'യിൽ ബുധനാഴ്ച അർധ രാത്രിയിലാണ് ആക്രമണമുണ്ടായത്. ഭക്ഷണം വാങ്ങിയതിന്‍റെ പണം ആവശ്യപ്പെട്ടതിലുള്ള വിരോധത്താൽ മാരകായുധങ്ങളുമായി വീണ്ടുമെത്തി ആക്രമണം നടത്തുകയായിരുന്നു.
രണ്ടുദിവസം മുമ്പ് ഒരു സംഘം രാത്രി വൈകി കാറിലെത്തി ഭക്ഷണം കാറിലേക്ക് പാർസൽ ആവശ്യപ്പെട്ടു. ഇതിൽ എടത്തല സ്വദേശിയായ സിയാദ് എന്നയാൾ ഉണ്ടായിരുന്നു. അയാളെ കണ്ട് പരിചയമുള്ളതിനാൽ കടക്കാർ പാർസൽ കാറിലെത്തിച്ചു നൽകി. എന്നാൽ, ഭക്ഷണപ്പൊതി ലഭിച്ചതോടെ സംഘം പണം നൽകാതെ കാറുമായി കടന്നുകളഞ്ഞു. പിന്നീട്, ബുധനാഴ്ച രാത്രി 12ഓടെ വീണ്ടുമെത്തിയ സംഘം കാറിലേക്ക് പാർസൽ ആവശ്യപ്പെട്ടു. എന്നാൽ, നൽകാൻ കടക്കാർ തയാറായില്ല. ഇതേതുടർന്ന്, ഇവർ കൗണ്ടറിലെത്തി ഭക്ഷണം വാങ്ങി.
തുടർന്ന്, പണം ആവശ്യപ്പെട്ടപ്പോൾ ഗൂഗിൾ പേ വഴി നൽകാമെന്നും ഫോണിൽ ചാർജില്ലാത്തതിനാൽ ചാർജർ നൽകാനും ആവശ്യപ്പെട്ടു. ഇതുപ്രകാരം ഉടമകളിൽ ഒരാളായ ദിലീപ് ചാർജർ നൽകി. എന്നാൽ, ചാർജർ തനിക്ക് കൊണ്ടുപോകണമെന്ന് ഗുണ്ട സംഘാംഗം പറഞ്ഞപ്പോൾ ദിലീപ് എതിർത്തു. ഇത് ഇഷ്ടപ്പെടാതെ ഇവിടുത്തെ കമ്പ്യൂട്ടർ മോണിറ്റർ എടുത്ത് മേശയിൽ കുത്തിനിർത്തി ഭീതിജനക അന്തരീക്ഷം സൃഷ്ടിച്ചു.
ഇതിനിടെ, ഗുണ്ടസംഘത്തിൽപെട്ട മറ്റൊരാൾ ഗൂഗിൾ പേ വഴി പണം നൽകുകയും മറ്റെയാളെയും കൂട്ടി ഭക്ഷണവുമായി മടങ്ങുകയും ചെയ്തു. മടങ്ങുമ്പോൾ, തങ്ങൾ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 12.50 ഓടെ ഗുണ്ടസംഘം ആയുധങ്ങളുമായി തിരിച്ചുവന്നു. കാർ കുറച്ച് മാറ്റി നിർത്തി മുഖം മാസ്ക് ഉപയോഗിച്ച് മറച്ചുമാണ് എത്തിയത്. ഈ സമയം മൊബൈൽ ഫോൺ നോക്കിയിരുന്ന ദിലീപിന്‍റെ തലക്ക് ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു.
അടികൊണ്ടുവീണ ദിലീപിനെ ക്രൂരമായി മർദിച്ചു. ഈസമയം അടുക്കളയിൽ ശുചീകരണം നടത്തുകയായിരുന്ന ജീവനക്കാരെ പൂട്ടിയിടുകയും ചെയ്തു. ഇതിനിടയിൽ കട്ടയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന രണ്ടുപേർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇത് കണ്ടതോടെ സംഘം അവരുടെ നേർക്ക് അടുത്തെങ്കിലും അവർ ബാത്റൂമിൽ കയറി വാതിലടച്ചു. ദിലീപിനെ മർദിച്ച് അവശനാക്കിയ സംഘം കടന്നുകളഞ്ഞു. തലക്ക് അടക്കം ഗുരുതര പരിക്കേറ്റ ദിലീപിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.