പോക്സോ കേസ് ഇരകളുടെ ഭ്രൂണം സൂക്ഷിക്കാൻ നിയമഭേദഗതി വേണമെന്ന് ഹൈകോടതി

കൊച്ചി: മാനഭംഗത്തിലൂടെ ഗർഭംധരിച്ച പോക്സോ കേസ് ഇരകളുടെ ഗർഭം അലസിപ്പിക്കേണ്ട സ്ഥിതിയുണ്ടായാൽ ഭ്രൂണം സൂക്ഷിച്ചുവെക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമഭേദഗതി പരിഗണിക്കണമെന്ന് ഹൈകോടതി. കേസ് അന്വേഷിക്കുന്നതിനും പ്രതികൾ രക്ഷപ്പെടാതിരിക്കുന്നതിനും ഇത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർദേശം.

നിയമനിർമാണം ഉണ്ടാകുന്നതുവരെ ഇടക്കാല നടപടിയെന്ന നിലയിൽ, ഭ്രൂണം സൂക്ഷിക്കുന്ന കാര്യം വ്യക്തമാക്കുന്ന സർക്കുലർ സംസ്ഥാനത്തെ എല്ലാ ഡോക്ടർമാർക്കും അയക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കോടതി നിർദേശം നൽകി. ഇങ്ങനെ സൂക്ഷിക്കുന്ന ഭ്രൂണം അന്വേഷണ ഉദ്യോഗസ്ഥന്‍റെയോ ജില്ല പൊലീസ് മേധാവിയുടെയോ രേഖാമൂലമുള്ള അറിയിപ്പില്ലാതെ നശിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരയുടെ ഗർഭം അനധികൃതമായി അലസിപ്പിച്ചെന്നും ഭ്രൂണം നശിപ്പിച്ചെന്നും ആരോപിച്ച് ഡോക്ടർക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. സമാന കേസുകളിൽ ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രത്യേക നിർദേശമുണ്ടെങ്കിൽ മാത്രമാണ് ഭ്രൂണം സൂക്ഷിച്ചുവെക്കുന്നത്. എന്നാൽ, സ്വമേധയാതന്നെ ആശുപത്രികളിൽ സൂക്ഷിച്ചുവെക്കാൻ നിയമഭേദഗതിയുണ്ടാകണമെന്നാണ് കോടതി നിർദേശം. ഹരജിക്കാരനായ ഡോക്ടർ കുറ്റക്കാരനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് പൊലീസ് പ്രതിചേർത്തത്.

ചോദ്യപേപ്പർ ചോർച്ച: ഷുഹൈബ് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന്

കൊച്ചി: പത്താംക്ലാസ് ഓണം-ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ എം.എസ്. സൊല്യൂഷൻ സി.ഇ.ഒ ഷുഹൈബ് ഫെബ്രുവരി 22ന് ചോദ്യംചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് ഹൈകോടതി നിർദേശിച്ചു.

ഹരജിക്കാരനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഫെബ്രുവരി 25ന് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യണം. അതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനോട് ചില കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ടെന്ന് ഹരജിക്കാരൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.

കോഴിക്കോട് ജില്ല കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. 10ാം ക്ലാസിലെ ഓണം ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ യുട്യൂബ് ചാനൽവഴി ചോർന്നെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - The High Court wants to amend the law to preserve the embryos of POCSO victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.