പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുത്; മറിയക്കുട്ടിയുടെ ഹരജിയിൽ സർക്കാരിനെതിരെ വീണ്ടും ഹൈകോടതി

കൊച്ചി: ക്ഷേമപെൻഷൻ കുടിശ്ശികക്കായി അടിമാലി സ്വദേശിനി മറിയക്കുട്ടി കോടതിയിലെത്തിയതിന്​ പിന്നിൽ രാഷ്ട്രീയമുണ്ടെന്ന സംസ്ഥാന സർക്കാറിന്‍റെ ആരോപണം ഞെട്ടിക്കുന്നതും ഹൃദയവേദന ഉണ്ടാക്കുന്നതുമാണെന്ന്​ ഹൈകോടതി. സർക്കാറിനെതിരെ ഹരജി നൽകിയതിന് ഇങ്ങനെ അപമാനിക്കരുത്. ആരോപണത്തിൽ ഉറച്ചുനിന്നാൽ അക്കാര്യം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കേണ്ടിവരും. പണം നൽകുന്നില്ലെങ്കിൽ ഇങ്ങനെയുള്ള പദ്ധതികളുണ്ടെന്ന് എങ്ങനെ പറയും? മുതിർന്ന പൗരയായ ഹരജിക്കാരി കോടതിക്ക് വി.ഐ.പിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവർത്തിച്ചു.

പലരും സഹായം വാഗ്‌ദാനം ചെയ്തെങ്കിലും മറിയക്കുട്ടി സ്വീകരിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷക വ്യക്തമാക്കി. ക്ഷേമപെൻഷൻ നൽകാൻ പണമില്ലെന്ന സർക്കാർ വാദം ശരിയല്ല. പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് ഏർപ്പെടുത്തി കോടികളാണ് പിരിച്ചത്. ഈ തുക എന്ത്​ ചെയ്തെന്ന് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു.

ഏപ്രിൽ മുതൽ കേന്ദ്രവിഹിതം കിട്ടുന്നില്ലെങ്കിലും ആഗസ്റ്റ് വരെയുള്ള ക്ഷേമപെൻഷൻ കൊടുത്തിട്ടുണ്ടെന്ന്​ സർക്കാർ വാദിച്ചു. ക്ഷേമപെൻഷൻ വാങ്ങുന്ന 45 ലക്ഷത്തോളം പേരുണ്ടെങ്കിലും ഹരജിക്കാരി മാത്രമാണ് കോടതിയെ സമീപിച്ചത്. ഇവർക്ക്​ മാത്രമായി സഹായം നൽകാനാവില്ല. ക്ഷേമപെൻഷൻ നൽകാൻ പ്രതിമാസം 660 കോടിയോളം വേണമെന്നും സർക്കാർ വിശദീകരിച്ചു.

Tags:    
News Summary - The High Court again against the government in Maryakutty's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.