തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്ന തിരുവനന്തപുരം കത്തോലിക്ക അതിരൂപത അധികൃതരും സമരസമിതി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഗവർണർ. സമരക്കാരെ കൂടിക്കാഴ്ചക്കായി ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചുവരുത്തുകയായിരുന്നു. എന്തുകൊണ്ടാണ് തന്നെ നേരത്തേ വന്ന് കാണാതിരുന്നതെന്ന് ചോദിച്ച ഗവർണർ സമരത്തിനിടയാക്കിയ കാരണങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.
തുറമുഖ നിർമാണം നിർത്തിവെച്ച് ആഘാതപഠനം നടത്തുക ഉൾപ്പെടെ ഏഴ് ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമരസമിതി ഗവർണർക്ക് കൈമാറി. തുറമുഖ നിർമാണം ആരംഭിച്ചശേഷം ശംഖുംമുഖം തീരപ്രദേശം കടലെടുത്തത്, കോവളത്ത് തീരം നഷ്ടമായത്, ഡ്രഡ്ജിങ് കാരണം കടൽ ആവാസവ്യവസ്ഥക്കുണ്ടായ നാശനഷ്ടം, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം നശിക്കുന്നത് തുടങ്ങിയവ സമരസമിതി ഗവർണറെ ധരിപ്പിച്ചു. കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടമായവർ ഇപ്പോഴും ക്യാമ്പിലാണ് കഴിയുന്നതെന്നും അവർ ശ്രദ്ധയിൽപെടുത്തി. താൻ സംസ്ഥാനത്ത് തിരിച്ചെത്തിയശേഷം ക്യാമ്പ് സന്ദർശിക്കാമെന്ന് ഉറപ്പുനൽകിയ ഗവർണർ, തുറമുഖ നിർമാണ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപെടുത്താമെന്നും അറിയിച്ചു. കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ട ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര ചർച്ചയിൽ പൂർണ തൃപ്തി പ്രകടിപ്പിച്ചു.
അതേസമയം വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് മുന്നിലെ സമരപ്പന്തൽ ബുധനാഴ്ചക്ക് മുമ്പ് പൊളിച്ചുമാറ്റാൻ തിരുവനന്തപുരം സബ് കലക്ടർ ഇറക്കിയ ഉത്തരവ് പുറത്തുവന്നു. അല്ലാത്തപക്ഷം 30ന് കാരണം ബോധിപ്പിക്കണമെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
തുറമുഖ നിർമാണത്തിന് തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്ന സെപ്റ്റംബർ ഒന്നിലെ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ, സമരവേദി തുറമുഖ നിർമാണം തടസ്സപ്പെടുത്തുന്നില്ലെന്നും തുറമുഖ ഗേറ്റിൽനിന്ന് മാറി സമാധാനപരമായാണ് ഉപവാസം നടത്തുന്നതെന്നും അതിരൂപത വക്താക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.