സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കം നവകേരള യാത്രയേക്കാള്‍ ദയനീയമായി പരാജയപ്പെടും-വി.ഡി. സതീശൻ

തിരുവനന്തപുരം: സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കം നവകേരള യാത്രയേക്കാള്‍ ദയനീയമായി പരാജയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് കേസിലാണ് പിണറായിക്കെതിരായ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയെ സംരക്ഷിക്കാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചത്.

മുഖ്യമന്ത്രി ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കരുവന്നൂര്‍ കേസില്‍ എന്തോ സംഭവിക്കാന്‍ പോകുന്നെന്ന പ്രതീതി ഉണ്ടക്കി. ഒന്നും നടന്നില്ല. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം സാഹായിച്ചു. കൊടകരകുഴല്‍പ്പണ കേസ് ഒതുക്കി തീര്‍ത്തു. പണം എവിടെ നിന്ന് വന്നന്നോ എവിടെക്ക് പോയെന്നോ പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ചില്ല. ഒരു ബി.ജെ.പിക്കാരനെയും പ്രതിയാക്കിയില്ല.

തെരഞ്ഞെടുപ്പ് കാലത്തെ വിലപേശലിന് വേണ്ടി മാത്രമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. അല്ലാതെ കേരളത്തിലെ മുഖ്യമന്ത്രിക്ക് ദോഷമാകുന്ന ഒരു നടപടികളും കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കില്ല. സിപിഎമ്മും ബിജെപിയും ഒരേ പാതയില്‍ സഞ്ചരിക്കുകയാണ്. ബി.ജെ.പി ഫാസിസ്റ്റ് പോയിട്ട് നവ ഫാസിസ്റ്റ് പോലും അല്ലെന്ന സര്‍ട്ടിഫിക്കറ്റാണ് സി.പി.എം നല്‍കിയത്.

ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയത്. അത് അന്വേഷിക്കാന്‍ പോലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മടിയാണ്. താരതമേന്യ പ്രാധാന്യം കുറഞ്ഞ എസ്.എഫ്.ഐ.ഒ എന്ന ഏജന്‍സിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അത്മാര്‍ത്ഥത വ്യക്തമാണ്.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്. സമസ്ത മേഖലയിലും പരാജയപ്പെട്ടു. പൊതുകടം പെരുകി. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നില്ല. ആശുപത്രികളില്‍ മരുന്നില്ല. ഈ വര്‍ഷം മാത്രം 18 പേരെയാണ് അന ചവിട്ടിക്കൊന്നത്. ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പണം നല്‍കാനില്ലാത്ത സര്‍ക്കാരാണ് നൂറു കോടിയിലധികം പണം മുടക്കി മാങ്കം നടത്തുന്നത്.

മുഖ്യമന്ത്രി ഒരിക്കലും കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യപാത്രമായി മാറരുത്. വാര്‍ഷിക മാമാങ്കം മാറ്റി വച്ച് ആ പണം ആശ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം നല്‍കുന്നതിനു വേണ്ടി മാറ്റിവയ്ക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? പാവങ്ങളുടെ കണ്ണീര് കാണാതെയാണ് ആഘോഷം നടത്തുന്നത്. 15 കോടി മുടക്കിയാണ് മുഖ്യമന്ത്രിയുടെ ഹോള്‍ഡിങ്‌സ് സ്ഥാപിക്കുന്നത്.

പണ്ട് നടത്തിയ നവകേരള യാത്രയെക്കാള്‍ ദയനീയമായി ഈ മാമാങ്കം പരാജയപ്പെടും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കും.

പതിനായിരം സെക്കന്റ് കോള്‍ ഡാറ്റ ഉണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറയുന്നത്. ഫോണ്‍ ചോര്‍ത്താന്‍ ഇയാള്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഫോണ്‍ ചോര്‍ത്തലിന് എതിരെ നിയമം ഉണ്ടാക്കണമെന്ന് പറയുന്ന സി.പി.എമ്മാണ് അയാളെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘത്തിന്റെ പിടിയിലാണെന്ന് എത്രയോ തവണ പ്രതിപക്ഷം പറഞ്ഞതാണ്.

ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. മറ്റൊരാള്‍ക്കെതിരെ എല്ലാ തെളിവുമുണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. രാജി വച്ച് പോകാന്‍ അയാളെങ്കിലും തയാറാകണം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ഫോണ്‍ ചോര്‍ത്തിയത്. അതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ഇത് കേരളത്തിന് തന്നെ നാണക്കേടാണെന്നും വി.ഡി. സതീശൻ പറഞ്ഞു.  

Tags:    
News Summary - The government's annual mamangam will fail more miserably than the Navakerala Yatra - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.