അടുക്കളപ്പണി സ്‌ത്രീകൾ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണം -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌ത്രീകൾ നേരിടുന്ന തൊഴിൽ വിവേചനത്തിന്‍റെ ആരംഭം വീട്ടിൽനിന്നാണെന്നും അടുക്കളപ്പണിയും ശിശുപരിപാലനവും സ്‌ത്രീകൾതന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന 'സമം' ക്യാമ്പയിന്‍റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടുക്കളപ്പണിക്കൊപ്പം വയോജന, ശിശുപരിപാലനവും സ്​ത്രീകൾ നിർവഹിക്കേണ്ടിവരുന്നു. ഇതെല്ലാം സ്‌ത്രീകൾ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണം. ഇതിനായി വലിയ ബോധവൽക്കരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യാനുപാതത്തിൽ കേരളത്തിൽ സ്‌ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ ശക്തിയിൽ കുറവാണ്‌. ഇതിൽ മാറ്റമുണ്ടാകണം. സ്‌ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയ്‌ക്കാൻ തുനിഞ്ഞിരിക്കുന്ന വർഗീയശക്തികൾ സമൂഹത്തിലുണ്ട്‌. വിവാഹക്കമ്പോളത്തിൽ ഒരു വസ്‌തുവായി സ്‌ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും ചില ഇടപെടലുണ്ടായി. ഇതിലൊന്നാണ് അധികാരവികേന്ദ്രീകരണം. സ്‌ത്രീകൾക്ക്‌ പദ്ധതി നടപ്പാക്കാൻ ആർജവം കുറവാണെന്ന ചിന്തയെ പൊളിക്കാൻ ഇതിനായി. സ്‌ത്രീകൾ സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കുന്നതിൽ നാഴികക്കല്ലായി കുടുംബശ്രീ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്‌ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതി സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - The general perception that kitchen work belongs to women should change: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.