നാട്ടുകാരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ മാത്രം ഉണരുന്ന നിസ്സംഗതയുടെ വനം വകുപ്പ്

ലപ്പുറം കാളികാവിൽ പുലർച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയെ കടുവ കടിച്ചു കൊന്ന സംഭവത്തിൽ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായത് കടുത്ത നിസ്സംഗത.

നേരത്തേ പൊലീസിലും ഫോറസ്റ്റ് വകുപ്പിലും പലതവണ പരാതി കൊടുത്തിട്ടും ഒരു നടപടിയുമില്ലാ​യിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുമ്പോൾ മാത്രം ഉണരുന്ന വനം വകുപ്പും അധികാരികളും ജനങ്ങളുടെ ജീവന് ഒരു വിലയും നൽകുന്നില്ല എന്നതാണ് വന്യമൃഗങ്ങളടെ വർധിക്കുന്ന ആക്രമണങ്ങൾ തെളിയിക്കുന്നത്.

നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ മയക്കുവെടി വെക്കുകയോ നാട്ടിലിറങ്ങുന്നത് തടയുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വനത്തിൽനിന്ന് ഒരു ചുള്ളിക്കമ്പ് എടുത്തുവെന്ന് പറഞ്ഞ് പ്രദേശവാസികൾക്കെതിരെ കേസെടുക്കുന്ന വനം വകുപ്പാണ് തങ്ങളുടെ ഉത്തരവാദിത്തം ഒരു നിലക്കും നിർവഹിക്കാതെ ജനങ്ങളുടെ വിമർശനമേറ്റു വാങ്ങുന്നത്. അതിനിടെ, എ.പി അനിൽകുമാർ എം.എൽ.എ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ​ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ പറ‍ഞ്ഞു. സ്ഥലത്തെത്തിയ ഡി.എഫ്.ഒയെ നാട്ടുകാർ തടഞ്ഞു. അതിനിടെ, താൽക്കാലിക ജോലി, നഷ്ടപരിഹാരം എന്നീ ഓഫറുകളോടെ ജനരോഷം തണുപ്പിക്കാൻ വനം വകുപ്പ് പതിവുപേലെ രംഗത്തെത്തിയിട്ടുണ്ട്.

അപകട​സാധ്യതയെപറ്റി മൂന്നുമാസം മുമ്പ് നിയമസഭയിലും വനം മന്ത്രിയോട് നേരിട്ടും വിവരം ധരിപ്പിച്ചിരുന്നുവെന്ന് എ.പി അനിൽകുമാർ എം.എൽ.എ പറഞ്ഞു. ഒരു കാര്യവുമുണ്ടായില്ല. കൂട് വെച്ചോ കാമറ വെച്ചോ മറ്റോ സർക്കാർ നീക്കം നടത്തണം. സർക്കാരിൻ്റെ ശ്രദ്ധ കുറവാണ്. കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു. ​ഗഫൂറിൻ്റെ കുടുംബത്തിന് കൂടുതൽ പണം നൽകണമെന്നും മന്ത്രിയെ വിവരം അറിയിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കടുവ, പുലി, ആന എന്നീ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണക്കുകൾ. വനമേഖലയിൽ നിന്ന് അൽപം അകലെയാണ് വ്യാഴാഴ്ച കടുവ ആക്രമണമുണ്ടായ സ്ഥലം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. റബ്ബർ തോട്ടത്തിൽ നിറയെ കുറ്റിക്കാടുകൾ നിറഞ്ഞ മേഖലയിലാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ പിടിച്ചത്. സൗത്ത് ഡി.ഫ്.ഒ ധനിത് ലാൽ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടൻ കാളിക്കാവിൽ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.

Tags:    
News Summary - The Forest Department's indifference only awakens when local lives are lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.