തൃശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലർ വനംവകുപ്പ് പിൻവലിച്ചു

തൃശൂർ: പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ പിൻവാങ്ങി വനംവകുപ്പ്. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തി. പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനംമന്ത്രി അറിയിച്ചു. വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈകോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

പൂരത്തിന് പ്രതിസന്ധിയുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങള്‍ പിന്‍വലിക്കുമെന്നും വനം മന്ത്രിയും വ്യക്തമാക്കി. പൂരത്തിന് എഴുന്നെള്ളിക്കാനുള്ള ആനകളും പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കാൻ ഹൈകോടതി നിർദേശമുണ്ട്. ആരോഗ്യ പ്രശനവും മദപ്പാടുള്ളതുമായ ആനകളെ ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൊവ്വാചക്കുള്ളിൽ അറിയിക്കാനാണ് ഹൈകോടതി നിർദേശം. ഇക്കാര്യങ്ങൾക്കൊപ്പമാകും സർക്കുലറിലെ ഇളവ് കൂടി കോടതി പരിഗണിക്കുക.

പൂരത്തിന് ഇനി ഒരാഴ്ച മാത്രം, കൊടിയേറ്റത്തിന് പിറകെ വിവാദവും തുടങ്ങുകയാണ്. ആനകളുടെ അമ്പത് മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദത്തിന് തിരികൊളുത്തിയത്. ആനകളുടെ മൂന്ന് മീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ, ആനകൾക്ക് ചുറ്റും പൊലീസും ഉത്സവ വൊളന്റിയർമാരും സുരക്ഷാവലയം തീർക്കണം, ചൂട് കുറക്കാൻ ഇടക്കിടെ ആനകളെ നനക്കണം എന്നതടക്കമാണ് നിർദേശം.

കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കുലർ എന്നാണ് വിശദീകരണം. എന്നാൽ ഇങ്ങനെ അമ്പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുക എന്നത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നത്.

Tags:    
News Summary - The Forest Department has withdrawn the circular restricting Thrissur Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.