സാമ്പത്തിക പ്രതിസന്ധി ട്രഷറി നിയന്ത്രണം കടുപ്പിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി സർക്കാർ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ചു. 10 ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറിനൽകുന്നില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി മരാമത്ത് പ്രവൃത്തികൾ കരാറുകാരെ സമ്മർദത്തിലാക്കി പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് ഉദ്ഘാടനം ചെയ്യുന്നതിന്റെ തിരക്കിലാണ് സർക്കാർ.

സംസ്ഥാനത്ത് ഡെപ്പോസിറ്റ് വർക്കുകളുടെ ബില്ലുകൾ ബിൽ ഡിസ്കൗണ്ടിങ് സിസ്റ്റത്തിലേക്ക് (ബി.ഡി.എസ്) മാറ്റി അതിനും കരാറുകാരൻ പലിശ നൽകണം. പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകൾ സമർപ്പിക്കുമ്പോൾതന്നെ ജി.എസ്.ടി അടക്കണം എന്നാണ് നിയമം. സർക്കാർ കുടിശ്ശികയാക്കുന്നതിനാൽ ബില്ലുകൾ കിട്ടുന്ന മുറക്കാണ് കരാറുകാരൻ ജി.എസ്.ടി അടക്കുന്നത്.

ഇതിന് കാലതാമസം ഉണ്ടായി എന്നതിന്റെ പേരിൽ ധനവകുപ്പിന്റെ നിർദേശപ്രകാരം പിഴ നൽകണമെന്ന നോട്ടീസ് കരാറുകാർക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജി.എസ്.ടി നൽകേണ്ട സർക്കാർതന്നെ വരുത്തിയ കാലതാമസത്തിന് കരാറുകാരെ പിഴിയുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. കരാറുകാർ പലരും കടക്കെണിയിലും ആത്മഹത്യയുടെ വക്കിലുമാണ്.

ഏറ്റെടുത്ത പ്രവൃത്തികൾ പലതും പാതി വഴിയിലുമാണ്. കരാർ കാലാവധിക്കുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിച്ചില്ലെങ്കിൽ പിഴ നൽകണം. സമയബന്ധിതമായി ബില്ലുകൾ മാറി പണം നൽകിയില്ലെങ്കിൽ പ്രവൃത്തികൾ തുടർന്ന് കൊണ്ടുപോകാൻ കഴിയില്ലെന്നും പരിഹാരമുണ്ടായില്ലെങ്കിൽ ജില്ലയിലെ എല്ലാ മരാമത്ത് പണികളും നിർത്തിവെക്കേണ്ടിവരുമെന്നും ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സെക്രട്ടറി വി.പി. ബിജു, പ്രസിഡന്റ് കെ.വി. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.

Tags:    
News Summary - The financial crisis has tightened treasury controls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.