ചെന്നൈയിൽ പ്രതാപ് പോത്തന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കുന്നവർ

പ്രതാപ് പോത്തന് അന്ത്യാഞ്ജലിയർപ്പിച്ച് സിനിമാലോകം

ചെന്നൈ: നാലുദശാബ്ദക്കാലം തെന്നിന്ത്യൻ സിനിമകളിൽ സജീവസാന്നിധ്യമായിരുന്ന പ്രതാപ് പോത്തന് അന്ത്യാഞ്ജലിയർപ്പിച്ച് സിനിമാലോകം. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മർദത്തിനുമുള്ള മരുന്നുകൾ പതിവായി കഴിച്ചിരുന്നു. വീട്ടുജോലിക്കാരനായ മാത്യു കിടപ്പുമുറിയിൽ കോഫി കൊണ്ടുവന്ന് എഴുന്നേൽപിക്കവേയാണ് മരണം സംഭവിച്ചതായി അറിയുന്നത്. ഉടൻ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാവാം മരണകാരണമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. പ്രതാപ് പോത്തൻ ആഗ്രഹിച്ചതുപോലെ ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു. ഈ ആഗ്രഹം സിനിമാലോകത്തെ അടുപ്പമുള്ള ചിലരോട് അദ്ദേഹം പങ്കുവെച്ചിരുന്നു.

പിന്നീട് മൃതദേഹം വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മുൻഭാര്യ അമല സത്യനാഥും മകൾ കേയയും എത്തി. സംവിധായകരായ മണിരത്നം, സന്താനഭാരതി, സീനു രാമസാമി, നടീനടന്മാരായ കമൽഹാസൻ, കരുണാസ്, മനോബാല, പൂർണിമ, കനിക, വൈ.ജി. മഹേന്ദ്രൻ, ഛായാഗ്രാഹകരായ പി.സി. ശ്രീരാം, രാജുമേനോൻ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു. മികച്ച എഴുത്തുകാരനും നടനുമായ പ്രതാപ് പോത്തന്‍റെ കഴിവുകൾ മുഴുവൻ പുറത്തുവരാത്തതിൽ ദു:ഖമുണ്ടെന്ന് അന്ത്യാഞ്ജലിയർപ്പിച്ചതിനുശേഷം കമൽഹാസൻ പറഞ്ഞു.

തെന്നിന്ത്യൻ നടികർ സംഘം അനുശോചനം രേഖപ്പെടുത്തി. ദീർഘനേരം ചെറിയ അളവിൽ ഉമിനീർ വിഴുങ്ങുന്നത് മരണത്തിന് കാരണമാവുന്നതായ ജോർജ് കാർലിന്‍റെ വാചകമാണ് പ്രതാപ് പോത്തൻ അവസാനമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 9.38നായിരുന്നു പോസ്റ്റിട്ടത്. ഇതിന് മുമ്പുള്ള ദിവസങ്ങളിലും മരണവുമായി ബന്ധപ്പെട്ട കുറിപ്പുകളാണ് കൂടുതലായും ഉണ്ടായിരുന്നത്. ഇവ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏറ്റവും അവസാനം സംവിധാനം ചെയ്തത് മോഹൻലാലിനെയും ശിവാജി ഗണേശനെയും ഒരുമിപ്പിച്ച 'ഒരു യാത്രാമൊഴി' എന്ന സിനിമയാണെന്നതും യാദൃച്ഛികം. പ്രതാപ് പോത്തന്‍റെ വിയോഗത്തിൽ നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങളും ഓർമക്കുറിപ്പുകളും പങ്കുവെച്ചത്.

Tags:    
News Summary - The film world pays its last respects to Pratap Pothan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.