തിരുവഞ്ചൂർ രാധാകൃഷ്ണൻ

സഭയുടെ അന്തസ്സും നിഷ്പക്ഷതയും ഉയർത്തിപ്പിടിക്കും -തിരുവഞ്ചൂർ

തിരുവനന്തപുരം: ജനാധിപത്യം മൂല്യങ്ങൾ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് തന്നിൽ നിക്ഷിപ്തമാക്കിയതെന്നും നിയമസഭയുടെ അന്തസ്സും നിഷ്പക്ഷതയും ഉയർത്തിപ്പിടിക്കാൻ ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയുടെ അന്തസ്സിന് കോട്ടംതട്ടുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുത്. ചർച്ചകളും നടപടികളും ഉന്നത ജനാധിപത്യ മൂല്യങ്ങൾക്കനുസരിച്ചാകണം. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വേദിയിൽ ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണ്. പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും പ്രവർത്തിക്കുമ്പോൾ സഭ ജനഹിതത്തിന് അനുസൃതമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറായി ചുമതലയേറ്റശേഷം സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു തിരുവഞ്ചൂർ.

വിവിധ വിഷയങ്ങളിൽ ഏകാഭിപ്രായമുണ്ടായേ തീരൂവെന്ന് ജനാധിപത്യക്രമത്തിൽ ശഠിക്കാനാവില്ല. ഇത്തരം സന്ദർഭങ്ങളിൽ ചർച്ചകളിലും അഭിപ്രായ വൈവിധ്യത്തിലും സഹിഷ്ണുത കാണിച്ച് മുന്നോട്ടുപോകണം. പാർലമെന്‍ററി ജനാധിപത്യം വിജയകരമാക്കുന്നതിൽ പ്രതിപക്ഷവും ഭരണപക്ഷവും തുല്യ ഉത്തരവാദികളാണ്. ആരോഗ്യകരമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിലൂടെ പ്രതിപക്ഷം ജനാധിപത്യത്തെ ചലനാത്മകമാക്കുകയാണ് ചെയ്യുന്നത്. ക്രിയാത്മക വിമർശനത്തോട് അസഹിഷ്ണുത പുലർത്താതെ, കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ, അതിനൊരു പരിധി അനിവാര്യമാണ്. ശബ്ദഘോഷങ്ങളിലൂടെ ഏതൊരു പക്ഷത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും ജനാധിപത്യ മാതൃകയല്ല. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം-തിരുവഞ്ചൂർ പറഞ്ഞു.

Tags:    
News Summary - "The dignity and impartiality of the House will be upheld." - Thiruvanchoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.