മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്; ഇനി കൂടിക്കാഴ്ചക്കില്ലെന്ന് ജി. സുകുമാരൻ നായർ

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സംഘടനയുടെ ആവശ്യത്തിനായി മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ലെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി.

കൂടിക്കാഴ്ചക്ക് അനുമതി നൽകിയിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം പൂർണമായും വാസ്തവവിരുദ്ധമാണെന്നും ഇനി അദ്ദേഹത്തെ കാണാൻ താനില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാൽ അദ്ദേഹം തിരിച്ചുവിളിക്കുകയോ സന്ദേശമയക്കുകയോ ചെയ്യാറുണ്ടായിരുന്നുവെന്നും സുകുമാരൻ നായർ ഓർമ്മിപ്പിച്ചു.

സുകുമാരൻ നായർ തന്റെ പി.എയെ വിളിച്ചിരുന്നുവെന്നും പിന്നീട് താൻ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിച്ച് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചെന്നുമാണ് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം ഫോണിൽ വിളിച്ചപ്പോൾ എറണാകുളത്ത് വെച്ച് കാണാമെന്നാണ് അറിയിച്ചത്. എന്നാൽ അത്തരമൊരു കൂടിക്കാഴ്ചക്ക് താല്പര്യമില്ലെന്ന് ഞാൻ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് പറയാമെന്ന് മറുപടി നൽകിയെങ്കിലും പിന്നീട് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പി.എയോ എന്നെ തിരിച്ചു ബന്ധപ്പെട്ടിട്ടില്ല’-സുകുമാരൻ നായർ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് എൻ.എസ്.എസിന്റെ പിന്തുണ തേടി വരികയും, സംഘടന പരസ്യമായി പിന്തുണ നൽകുകയും ചെയ്തിരുന്നുവെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. കരയോഗങ്ങളും പ്രവർത്തകരും സജീവമായി രംഗത്തിറങ്ങിയാണ് അദ്ദേഹത്തിന്റെ വിജയമുറപ്പാക്കിയത്. എന്നാൽ ജയിച്ചുകയറിയ ശേഷം ഇത്തരമൊരു മാറ്റം ഉണ്ടായതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രിമാരാരും തന്നെ ഇത്തരത്തിൽ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പിണറായി വിജയനെ താൻ നേരിട്ട് പോയി കണ്ടിട്ടില്ലെങ്കിലും ഫോണിൽ വിളിക്കുമ്പോൾ അദ്ദേഹം തിരക്കിലാണെങ്കിൽ പോലും പിന്നീട് തിരിച്ചുവിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാറുണ്ടായിരുന്നുവെന്നും, എന്നാൽ നിലവിലെ മുഖ്യമന്ത്രിയിൽ നിന്ന് അത്തരം ഒരു സമീപനമല്ല ഉണ്ടായതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. വ്യക്തിപരമായ താൽര്യക്കുറവ് കാരണം ഇനി മുഖ്യമന്ത്രിയെ കാണാൻ താനില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞത്

എൻ.എസ്.എസ് നേതൃത്വം കാണാൻ സമയം ചോദിച്ചിട്ടും നൽകിയില്ല എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്മായും അടിസ്ഥാനരഹിതമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ബജറ്റ് തയാറെടുപ്പിന്റെ തിരക്കിലായിരുന്നതിനാൽ തന്റെ പക്കൽ ഫോൺ ഉണ്ടായിരുന്നില്ല.

ആ സമയത്താണ് എൻ.എസ്.എസ് പ്രതിനിധി തന്റെ പ്രൈവറ്റ് സെക്രട്ടറിയെ ബന്ധപ്പെടുന്നത്. വിവരമറിഞ്ഞയുടൻ താൻ അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും വളരെ സൗഹാർദ്ദപരമായി സംസാരിക്കുകയും ചെയ്തു. നേരിൽ കണ്ട് കാര്യങ്ങൾ സംസാരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം വരെ താൻ ഇവിടെത്തന്നെയുണ്ടായിരുന്നു. എന്നാൽ താൻ കാണാൻ സമയം നൽകിയില്ല എന്ന തരത്തിൽ പിന്നീട് വന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - NSS Hardens Stand Against CM VD Satheesan, Won't Meet Him Again: G Sukumaran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.