തീരുമാനമെത്തിയത് സതീശനിൽ; മറ്റെല്ലാം മാധ്യമ സൃഷ്ടിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഈ മാസം ഏഴുമുതൽ കോൺഗ്രസ് ഹൈകമാൻഡ് നടത്തിയ വിശദമായ കൂടിയാലോചനക്കൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആദ്യമായി നിർദേശിച്ച പേര് വി.ഡി. സതീശന്റേത് മാത്രമാണെന്ന് കോൺഗ്രസ്. മറ്റേതെങ്കിലും പേരുകൾ നിർദേശിച്ച ശേഷം പിന്നീട് മാറ്റിയതാണെന്ന തരത്തിലുള്ള പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങളുടെ ഭാവനാസൃഷ്ടി മാത്രമായിരുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി.

എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ സംബന്ധിച്ച വിവരം എ.ഐ.സി.സി വെളിപ്പെടുത്തിയിട്ടില്ലെന്നും അത്തരം അവകാശവാദങ്ങളെല്ലാം മാധ്യമങ്ങളുടെ ഭാവനാസൃഷ്ടി മാത്രമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. എം.എൽ.എമാരുടെയും എം.പിമാരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചെങ്കിലും ഓരോരുത്തർക്കും എത്ര പേരുടെ പിന്തുണയുണ്ടെന്ന വിവരം എ.ഐ.സി.സി എവിടെയും ആരോടും പറഞ്ഞിട്ടില്ല. ഇവർക്കുപുറമെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കൾ, ഘടകകക്ഷി നേതാക്കൾ എന്നിവരുമായും നടത്തിയ കൂടിയാലോചനക്കൊടുവിലാണ് വി.ഡി. സതീശനിൽ എത്തിച്ചേരുന്നതെന്നും അദ്ദേഹം തുടർന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നേതാവെന്ന നിലക്ക് നയിച്ച വി.ഡി. സതീശന് അനുകൂലമായി കേരളത്തിൽ ഉയർന്നുവന്ന ജനവികാരം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയുക്ത എം.എൽ.എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ കെ.സി. വേണുഗോപാലിനുള്ളതിനാൽ അത് മാനദണ്ഡമാക്കി മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പക്ഷം മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തിയ വാദം. എം.എൽ.എമാരുടെ ഭൂരിപക്ഷം കെ.സിക്കാണെന്ന വാദം തള്ളിയ സതീശൻ പക്ഷവും രമേശ് ചെന്നിത്തല പക്ഷവും തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന വാദം നിരത്തി. എന്നാൽ, എം.എൽ.എമാരുടെയും എം.പിമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും എല്ലാം അഭിപ്രായങ്ങൾ കണക്കിലെടുത്ത് രാഹുലും ഖാർഗെയും ചേർന്ന് ഒരുമിച്ച് സതീശന്റെ പേര് തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - The decision settled on Satheesan; everything else was a media creation, says Congress.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.