ദേവസ്വംബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളുടെ ആസ്തി നിർണയത്തിന് സർക്കാർ; എം.ജി. രാജമാണിക്യത്തിന്‍റെ ചുമതലയിലാണ് നടപടികൾ

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യനിർണയത്തിലേക്ക് കടന്ന് സർക്കാർ. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി കെ. മുരളീധരന്‍റെ നിർദേശപ്രകാരമാണിത്. പല ക്ഷേത്രങ്ങളിലെയും സ്വർണം, ഭൂമി ഉൾപ്പെടെയുള്ളവയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് സർക്കാർ നീക്കം.

കൈക്കൊള്ളേണ്ട കാര്യങ്ങൾ സംബന്ധിച്ച വിശദമായ രൂപരേഖ തയാറാക്കി രാജമാണിക്യം അടുത്തദിവസം സമര്‍പ്പിക്കും. ശബരിമല സ്വര്‍ണക്കൊള്ള വിവാദവും ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണമൂല്യത്തിലുണ്ടായ അവ്യക്തതയില്‍ ഹൈകോടതി ആശങ്ക രേഖപ്പെടുത്തിയ സാഹചര്യവും നിലനിൽക്കെയാണ് നിര്‍ണായക നീക്കം. ക്ഷേത്രങ്ങളിലെ സ്വർണത്തിന്‍റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വർണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പാക്കണമെന്നും നിർദേശമുണ്ട്. ക്ഷേത്രമുതലുകളിൽ സ്വർണംപൂശാനും പൊതിയാനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും റിപ്പോർട്ടിലുണ്ട്. നിലവിലുള്ള സ്വർണത്തിന്‍റെയും വെള്ളിയുടെയും അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റിലെസ് ചെയ്യണമെന്നും സ്വർണം പൊതിയുന്ന പ്രവൃത്തികൾ പൂർത്തീകരിച്ച് ഭാരനിർണയത്തിനുശേഷം പണം കൈമാറിയാൽ മതിയെന്നും ദേവസ്വം സെക്രട്ടറി റിപ്പോർട്ടിൽ പറഞ്ഞു. ക്ഷേത്രങ്ങളിലെ സ്വര്‍ണം, ഭൂമി ഉള്‍പ്പെടെ മുഴുവന്‍ ആസ്തികളുടെയും മൂല്യം കണക്കാക്കാനുള്ള ചുമതലയും ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യത്തിന് നൽകി.

ഓരോ ദേവസ്വം ബോര്‍ഡിന് കീഴിലുമുള്ള ക്ഷേത്രങ്ങളുടെ ആസ്തി സംബന്ധിച്ച വിശദമായ കണക്ക് ശേഖരിച്ച് റിപ്പോര്‍ട്ട് തയാറാക്കും. സ്വര്‍ണം, വെള്ളി ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍, ഭൂമി, കെട്ടിടങ്ങള്‍, മറ്റു സ്ഥിര-ജംഗമ ആസ്തികള്‍ എന്നിവയുടെ നിലവിലെ മൂല്യവും നിശ്ചയിക്കും. അതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ദേവസ്വം ക്ഷേത്രങ്ങളുടെ ആകെ ആസ്തിമൂല്യം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് തീരുമാനം.

ദേവസ്വം ബോര്‍ഡുകളുടെ നേതൃത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് മൂല്യം തിട്ടപ്പെടുത്തുക. ഓരോ ക്ഷേത്രത്തിന്റെയും യഥാര്‍ഥ ആസ്തി തിരിച്ചറിയുന്നതിനൊപ്പം തിരിമറി ഒഴിവാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ദേവസ്വം ഭൂമിയിൽ വ്യാപക കൈയേറ്റം നടന്നതായി വിലയിരുത്തലുമുണ്ട്. സ്വകാര്യ വ്യക്തികള്‍ കൈവശംവെക്കുന്ന ഭൂമികൾ പലതും തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കും. മൂല്യത്തിന്‍റെ നിജസ്ഥിതി ഇടവേളകളില്‍ പരിശോധിക്കും.

Tags:    
News Summary - Government to assess assets of temples under Devaswom Boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.