കേരള ഹൈകോടതി

സംവരണ പട്ടിക കാലോചിതമായി പുതുക്കൽ; സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം

കൊച്ചി: സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ വിമർശനമുണ്ടായത്.

പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് മുഴുവൻ സംവരണ ആനുകൂല്യം ലഭിക്കും വിധം സംവരണ പട്ടിക പുതുക്കാൻ സാമൂഹിക, സാമ്പത്തിക സർവേ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന 2010ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആൻഡ് വിജിലന്‍സ് കമീഷന്‍ ട്രസ്റ്റ് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സെപ്റ്റംബർ എട്ടിനകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സംസ്ഥാന പിന്നാക്ക വികസന ഡയറക്ടർക്കും പിന്നാക്ക വിഭാഗ കമീഷൻ സെക്രട്ടറിക്കും കോടതി നിർദേശം നൽകി.

ആറു മാസത്തിനകം ചട്ടത്തിലെ 11ാം വകുപ്പടക്കം പരിഗണിച്ച് സർവേ നടത്തി സംവരണ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കാനായിരുന്നു 2020ലെ ഹൈകോടതി ഉത്തരവ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കായിരുന്നു നിർദേശം. എന്നാൽ, 2021ലെ 105ാം ഭരണഘടന ഭേദഗതിക്കു മുമ്പായിരുന്നു ഹൈകോടതി ഉത്തരവുണ്ടായതെന്നും ഭേദഗതിക്കുശേഷം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാന സർക്കാറുകൾക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

അതതു സംസ്ഥാനങ്ങൾക്ക് ബാധകമായ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ അർഹത നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാറുകളാണ്. പ്രത്യേക സംസ്ഥാന പട്ടിക തയാറാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാൻ ഭരണഘടനാപരവും നിയമപരവുമായ നടപടി സ്വീകരിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.

2017ലെ കോടതി നിർദേശപ്രകാരം 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിന്‍റെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ചെയർമാന് 2023 മേയ് 23ന് കൈമാറിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജിയിലെ ആവശ്യവുമായി ബന്ധപ്പെട്ട വിവരങ്ങളായതിനാൽ കേന്ദ്ര സത്യവാങ്മൂലത്തിലെ ഇക്കാര്യങ്ങൾകൂടി പരിഗണിച്ചു വേണം സത്യവാങ്മൂലം സമർപ്പിക്കേണ്ടതെന്ന് സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകി. തുടർന്ന് ഹരജി സെപ്റ്റംബർ 11ന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - High Court criticizes state government for not updating reservation list in a timely manner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.