വിവാഹത്തിൽ നിന്ന് പിന്മാറി; അരൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനും കുടുംബത്തിനുമെതിരെ കേസ്

അരൂർ: യുവതി ജീവനൊടുക്കിയത് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരനും വീട്ടുകാരും പിന്മാറിയതിനെ തുടർന്നാണെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തു. അരൂർ 23-ാം വാർഡിൽ കിഴക്കേ വേലിക്കകത്ത് അജയന്റെയും പുഷ്പയുടെയും മകൾ അനഘയെയാണ് (25) കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ പ്രതിശ്രുത വരനും കുടുംബാംഗങ്ങൾക്കുമെതിരെ അനഘയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ രംഗത്ത് ജോലി ചെയ്തിരുന്ന അനഘയും തൃശൂർ സ്വദേശിയും തമ്മിലുള്ള വിവാഹം നവംബറിൽ നടത്താൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു. ഇരുവരും അബുദാബിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്തിടെ യുവാവിന്റെ മാതാപിതാക്കൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അനഘയുടെ വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

വീട്ടുകാരെ അറിയിക്കാതെ അനഘ അബുദാബിയിലെത്തിയെങ്കിലും യുവാവിന്റെ നിലപാടിൽ മാറ്റമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘ, ബന്ധം ഇനി തുടരുന്നില്ലെന്നും മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞിരുന്നു. തുടർന്ന് രാത്രി ജോലിയുണ്ടെന്നു പറഞ്ഞ് മറ്റൊരു മുറിയിൽ കയറിയ ശേഷം അനഘ ജീവനൊടുക്കുകയായിരുന്നു.

Tags:    
News Summary - Aroor Woman Dies by Suicide; Case Filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.