പത്മരാജൻ

പാലത്തായി​ പോക്​സോ കേസ്​: ബി.ജെ.പി നേതാവായ പ്രതിയുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു

കൊച്ചി: വിവാദമായ കണ്ണൂർ പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജന്​ തലശ്ശേരി ഫാസ്റ്റ്​ ട്രാക്ക്​ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി മരവിപ്പിച്ചു. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. 2025 നവംബർ 14ലെ വിധി ചോദ്യം ചെയ്ത്​ സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്​മരാജൻ നൽകിയ അപ്പീലിനൊപ്പം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്​ ജസ്റ്റിസ്​ വി. വിജയരാഘവൻ, ജസ്റ്റിസ്​ എം.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്​.

പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളും കുറ്റകൃത്യം നടന്നുവെന്ന്​ പറയുന്ന സ്​ഥലത്തെ സാഹചര്യങ്ങളും പരിഗണിക്കാതെയാണ്​ ​വിചാരണ കോടതി വിധിയെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. പ്രതിയുടെ വാദങ്ങൾ പ്രഥമദൃഷ്ട്യ പ്രസക്​തമാണെന്ന്​ വിലയിരുത്തിയ ഹൈകോടതി, തുടർന്ന്​ ശിക്ഷ മരവിപ്പിക്കുകയായിരുന്നു. അതേസമയം, കുറ്റക്കാരനാണോ അല്ലയോ എന്ന നിഗമനത്തിൽ ഇപ്പോൾ എത്തിച്ചേരുന്നത്​ അപക്വമാണെന്ന്​ വ്യക്​തമാക്കിയ കോടതി, അപ്പീൽ വാദത്തിന്​ മാറ്റി.

600ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരം സംഭവം നടക്കാൻ സാധ്യതയില്ലെന്ന പ്രതിയുടെ വാദം കോടതി പരിഗണിച്ചു. കേസിൽ ആദ്യം നടത്തിയ അന്വേഷണത്തിൽനിന്ന്​ വ്യത്യസ്തമായി, അവസാനം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ മനഃപൂർവം പ്രതിയാക്കുകയായിരുന്നെന്ന വാദവും ഹരജിക്കാരൻ ഉയർത്തുന്നുണ്ട്​. ഒരുലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവുമാണ്​ പ്രധാന വ്യവസ്ഥ. ഇരയായ പെൺകുട്ടി താമസിക്കുന്ന ജില്ലയിൽ പ്രവേശിക്കരുത്​, ​കേസ്​ അട്ടിമറിക്കാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്​, കോടതി അനുമതിയില്ലാതെ രാജ്യംവിടരുത്​, മറ്റു​ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്​ തുടങ്ങിയവയാണ്​ മറ്റു​ ഉപാധികൾ.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തുംവെച്ച് മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പത്മരാജന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ശിക്ഷ വിധിച്ചു. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ രാഷ്ട്രീയ വിവാദമായിരുന്നു. 376 എ.ബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

Tags:    
News Summary - Kerala High Court Grants Bail to BJP Leader Accused in Palathai Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.