ജില്ലയിലെ ദേശീയ പാത നിർമാണം 2024 മേയിൽ പൂർത്തീകരിക്കും- പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട് : ജില്ലയിലെ ദേശീയ പാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും 2024 മേയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ മേൽപ്പാലം നിർമാണ പുരോഗതി നേരിൽ കണ്ടു വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പാത അതോറിറ്റി ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുമ്പളയിലെ മേൽപ്പാലം 2022 ഡിസംബറിലും കാസർകോട് മേൽപ്പാലം 2023 അവസാനവും തുറന്നു കൊടുക്കും. കാസർകോടിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ദേശീയ പാത.

നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ പൂർത്തീകരിക്കും വിധമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ദേശിയ പാത പ്രവർത്തിയുടെ ഓരോ കാര്യവും സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്. ചില ജില്ലകളിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. ദേശിയ പാത അതോറിറ്റി റീജിയണൽ ഓഫീസർ ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.

ചിലയിടത്ത് വ്യക്തികളും പ്രദേശ വാസികൾ ഒന്നിച്ചും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചില പ്രശ്‌നങ്ങൾ അറിയിച്ചു. അവയൊക്കെയും വേഗം പരിഹരിച്ചു മുന്നോട്ട് പോകും. ദേശീയ പാത അതോറിറ്റി വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടും. തിരുവനന്തപുരത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ എല്ല വിഷയങ്ങളും ചർച്ച ചെയ്യും.

ദേശീയ പാതയുടെ നിർമാണ പുരോഗതി ഓരോ ജില്ലയിലും തുടർച്ചയായി നടത്തുന്നുണ്ട്.എത്രയും വേഗത്തിൽ പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെ ആണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും എം.പിമാർ, എം.എൽ. എ മാർ , രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ എന്നിവർ പൂർണമായും യോജിച്ച് മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി,എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസർ ബി.എൽ.മീണ, പ്രോജക്ട് ഡയറക്ടർ പുനിൽകുമാർ, എം.വി.ബാലകൃഷ്ണൻ നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.

Tags:    
News Summary - The construction of national highway in the district will be completed in May 2024- PA Muhammad Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.