സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പൊട്ടലും ചീറ്റലും ഒരുവിധം ഒതുക്കി, മലപ്പുറത്ത് പ്രചാരണ പ്രവർത്തനങ്ങളുടെ ഗതിവേഗം കൂട്ടിയിരിക്കുകയാണ് മുന്നണികൾ. മന്ത്രി വി. അബ്ദുറഹ്മാന് മണ്ഡലം മാറ്റിനൽകി എൽ.ഡി.എഫ് പിണക്കം തീർത്തു. സീറ്റ് ലഭിക്കാത്തതിനാൽ ഇടഞ്ഞ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്‍ലിം ലീഗ് അനുനയിപ്പിച്ചു.
തദ്ദേശത്തിൽ ലഭിച്ച സമ്പൂർണ ആധിപത്യത്തിന്റെ ആത്മവിശ്വാസത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലും സുനിശ്ചിത വിജയം സ്വപ്നംകണ്ട് യു.ഡി.എഫ് നീങ്ങുമ്പോൾ സ്വതന്ത്രരെ ഇറക്കി വലതുകോട്ടകളിൽ വിള്ളൽ വീഴ്ത്താനാണ് എൽ.ഡി.എഫ് ശ്രമം. കഴിഞ്ഞ തവണ പൊന്നാനി, നിലമ്പൂർ, താനൂർ, തവനൂർ മണ്ഡലങ്ങളിൽ ചെങ്കൊടി പാറിയപ്പോൾ ബാക്കി 12 മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമായിരുന്നു. പി.വി. അൻവറിന്റെ രാജിയോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ എൽ.ഡി.എഫിനെ കൈവിട്ടു. യുവാക്കളും പരിചയസമ്പന്നരും ചേർന്നതാണ് യു.ഡി.എഫിന്റെ സ്ഥാനാർഥി നിര. എൽ.ഡി.എഫിൽ പുതുമുഖങ്ങളാണേറെ.
ഇടതിന് രണ്ട് വനിത സ്ഥാനാർഥികളുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം എട്ട് സിറ്റിങ് എം.എൽ.എമാർ യു.ഡി.എഫിനായി മത്സരിക്കുമ്പോൾ എൽ.ഡി.എഫിനായി മന്ത്രി വി. അബ്ദുറഹ്മാൻ അടക്കം രണ്ട് സിറ്റിങ് എം.എൽ.എമാർ ഗോദയിലുണ്ട്. ജില്ലയിൽ ബി.ജെ.പി ഒരു ഫാക്ടർ അല്ലെങ്കിലും ഘടകകക്ഷികൾക്ക് ഉദാരമായി സീറ്റുനൽകുക എന്ന തന്ത്രം ഇവിടെയും അവർ പയറ്റിയിട്ടുണ്ട്. മൂന്നിടത്ത് ബി.ഡി.ജെ.എസും വണ്ടൂരിൽ ജനാധിപത്യ രാഷ്ട്രീയ സഭയുമാണ് എൻ.ഡി.എ ബാനറിൽ മത്സരിക്കുന്നത്. എട്ടിട്ടത്ത് എസ്.ഡി.പി.ഐ മത്സരത്തിനുണ്ട്.
എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് വിശ്വസിക്കപ്പെടുന്ന പൊന്നാനിയിൽ മത്സരം കടുക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ സി.പി.എമ്മിലെ പി. നന്ദകുമാർ 17000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടിയത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കുകയാണ്. സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ എം.കെ. സക്കീറിനെ ഗോദയിലിറക്കി മണ്ഡലം ഉറപ്പിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലിയിലൂടെ അട്ടിമറി വിജയമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. എം.കെ. സക്കീറിന്റെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എം പ്രാദേശിക ഘടകങ്ങളിലെ അപസ്വരം പാർട്ടിക്ക് തലവേദനയാകുമ്പോൾ, തവനൂർ, പൊന്നാനി സീറ്റുകളിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിലും പ്രശ്നങ്ങളുണ്ട്.
തവനൂരിൽനിന്ന് തുടർച്ചയായി മൂന്നു തവണ വിജയിച്ച ഇടത് സ്വതന്ത്രൻ ഡോ. കെ.ടി. ജലീലിന് പ്രതിയോഗിയായി മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് എത്തിയെന്നതാണ് തവനൂരിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. ബി.ജെ.പിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുകളുള്ള മണ്ഡലത്തിൽ മുൻ ജില്ല പ്രസിഡന്റ് രവി തേലത്ത് ആണ് ഗോദയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.