പ്ലസ് വൺ പ്രവേശന അവലോകനം;​ മുഖ്യമന്ത്രി യോഗം വിളിക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് അവസാനഘട്ട വിലയിരുത്തൽ നടത്താൻ മുഖ്യമന്ത്രി യോഗം വിളിക്കുമെന്ന്​ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പ്ലസ് വൺ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെയും മറ്റ് ജില്ലകളിലെയും വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്കടിസ്ഥാനത്തിൽ ശേഖരിച്ച് അവർക്ക് തുടർപഠനത്തിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കും.

3,16,772 വിദ്യാർഥികളാണ് സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ പ്രവേശനം നേടിയത്. ജൂലൈ എട്ട്​ മുതൽ 12 വരെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെൻറ് നടക്കും. ജൂലൈ 16 ഓടെ സപ്ലിമെൻററി അലോട്ട്‌മെൻറ് നടപടികൾ പൂർത്തിയാകുന്നതോടെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യഘട്ടം കഴിയും. ഇതിനു ശേഷമായിരിക്കും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്കടിസ്ഥാനത്തിൽ ശേഖരിക്കുക. എല്ലാ വിദ്യാർഥികളുടെയും ഉപരിപഠനം സാധ്യമാക്കാൻ വേണ്ട കാര്യങ്ങൾ സർക്കാർ നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥികളുടെ പ്ലസ് വൺ ഇംപ്രൂവ്‌മെൻറ് പരീക്ഷ ഈ വർഷംകൂടി പ്രത്യേകമായി സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽതന്നെ നടത്തുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂൾ കാമ്പസിലെ മരങ്ങൾ അപകടമുണ്ടാക്കുന്ന നിലയിലാണെങ്കിൽ എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്ന് മന്ത്രി നിർദേശിച്ചു. സാങ്കേതിക ന്യായങ്ങൾ പറഞ്ഞു മരങ്ങൾ മുറിച്ചുമാറ്റാതിരിക്കരുത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും. കാസർകോട്ട്​ മരം തലയിൽ വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് അധ്യക്ഷതവഹിച്ചു. 

Tags:    
News Summary - The Chief Minister will call a meeting to review Plus One admissions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.