കേന്ദ്രവിഹിതത്തില്‍ 1,07,500 കോടിയില്‍ പരം രൂപയുടെ കുറവുണ്ടായെന്ന് മുഖ്യമന്ത്രി

കാട്ടാക്കട: കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന് ലഭ്യമാകേണ്ട കേന്ദ്രവിഹിതത്തില്‍ ഒരുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയില്‍ പരം രൂപയുടെ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ കൂട്ടായി ശബ്ദമുയര്‍ത്തി ഒന്നിച്ചുമുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന കാട്ടാക്കടയിലെ മണ്ഡല നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏഴുവര്‍ഷംകൊണ്ട് വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് നിരവധി നേട്ടം കൈവരിക്കാനായി. എന്നാല്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിലൂടെ നിലവില്‍ കാലാനുസൃത വികസനം സാധ്യമാകാതെ വന്നിരിക്കുകയാണ്. കേരളം പിന്‍തുടരുന്നത് ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബദല്‍നയമാണ്.

അറുപത്തിരണ്ട് ലക്ഷത്തോളം പേര്‍ക്ക് 1,600 രൂപ വീതം സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കണമോയെന്ന ചോദ്യങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയരുന്ന സാഹചര്യത്തിലും ആരേയും ഒഴിവാക്കാതെയുള്ള ജനക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. അതിനാലാണ് പാവപ്പെട്ടവരെ അതിദരിദ്രരാക്കുന്ന കേന്ദ്ര സമീപനത്തില്‍ നിന്നുമാറി എല്ലാവരെയും ചേര്‍ത്തണച്ചുകൊണ്ട് സംസ്ഥാനം മുന്നോട്ടുപോകുന്നത്. എല്ലാ മാസവും കൃത്യമായി പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും

രാജ്യത്തെ അതിദരിദ്രരുടെ കണക്കെടുത്താല്‍ ഏറ്റവും കുറവാണ് കേരളത്തിലേത്. ദശാംശം ഏഴു ശതമാനം. അതിദരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കര്‍മ്മപദ്ധതി രൂപീകരിച്ചു നടപ്പിലാക്കിവരികയാണ്. കഴിഞ്ഞ നവംബര്‍ ഒന്നിനു നടത്തിയ അവലോകനത്തിലൂടെ താമസിയാതെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് മനസിലാക്കുന്നത്. 2025 ഓടുകൂടി രാജ്യത്ത് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇതാണ് നമ്മുടെ ബദല്‍ നയത്തിന്റെ സവിശേഷത.

നാടിന്റെ കരുത്ത് ജനങ്ങളാണ്. ഭേദചിന്താഗതികളെല്ലാം മറന്ന് നാം ഒന്നാണ് എന്ന ബോധ്യത്തോടെയാണ് ജനങ്ങള്‍ നവകേരള സദസിനെ വരവേല്‍ക്കുന്നത്. നാടിന്റെ നന്മക്കുവേണ്ടിയുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് സദസുകളില്‍ എത്തുന്ന ജനസഞ്ചയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. മണ്ഡലത്തിൽ നിന്നും 2444 നിവേദനങ്ങളും ലഭിച്ചു. ഇവ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

മറ്റു മന്ത്രിമാരും സന്നിഹിതരായിരുന്ന ചടങ്ങില്‍ ഐ.ബി. സതീഷ് എം.എ.ല്‍എ അധ്യക്ഷത വഹിച്ചു.വി. ജോയ് എം.എ.ല്‍എ, ജി. സ്റ്റീഫന്‍ എം.എല്‍എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കലക്ടര്‍ ജെറോമിക് ജോര്‍ജ്, സംഘാടക സമിതി കണ്‍വീനറും ഡെപ്യൂട്ടി കലക്ടറുമായ ഷീജ ബീഗം, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - The Chief Minister said that there has been a shortfall of more than Rs. 1,07,500 crore in the central allocation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.