നാടിൻറെ മുന്നേറ്റത്തിൽ റസിഡൻ്റ്സ് അസോസിയേഷനുകൾക്കുള്ളത് നിർണായക പങ്കെന്ന് മുഖ്യമന്ത്രി

കൊച്ചി: നാടിൻറെ സമഗ്ര മുന്നേറ്റത്തിലും നാടിനെ നേർവഴിക്ക് നയിക്കുന്നതിലും നിർണായക പങ്കാണ് റസിഡൻറ്സ് അസോസിയേഷനുകൾക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റസിഡൻറ്സ് അസോസിയേഷ നുകളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്‍റെ നയപരിപാടികൾ അർഥവത്താകുന്നത് പ്രാദേശികതലത്തിൽ വേണ്ടവിധം നടപ്പിലാകുമ്പോഴാണ്. എല്ലാ പദ്ധതികളും ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. അതുതന്നെയാണ് അവയുടെ വിജയരഹസ്യവും. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ കേരളത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊക്കെ വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി ഉണ്ടായതാണ്. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകള്‍ അതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

നമ്മുടെ നാട് അവിചാരിതമായ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടങ്ങളിലും വലിയ ജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആശ്വാസ നടപടികള്‍ കൈക്കൊണ്ടതും. കോവിഡു കാലത്തും പ്രളയ കാലത്തും നടത്തിയ അത്തരം ഇടപെടലുകളിൽ അകമഴിഞ്ഞ് പിന്തുണ നൽകിയവരും ഭാഗഭാക്കായവരുമാണ് ഏറെയും. അതുകൊണ്ടുതന്നെ നവകേരള നിര്‍മ്മിതിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് എല്ലാവരും.

റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നത് നിയമപരമായിത്തന്നെ വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലാണ് ആധുനികസമൂഹം. നിലവിലുള്ള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നിയമം തന്നെ റസിഡന്‍റ്സ് വെൽഫെയര്‍ അസോസിയേഷനുകള്‍ വേണം എന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് സമൂഹത്തിൽ വ്യാപകമായാൽ ഇന്നുള്ള പല ദുഷിപ്പുകളും അവസാനിപ്പിക്കാന്‍ സാധിക്കും. കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത്, അവര്‍ മയക്കുമരുന്നിന് അടിമയായിപ്പോകുന്നത്, ചെറുപ്പക്കാര്‍ തന്നെ മയക്കുമരുന്നിന്‍റെ ക്യാരിയര്‍മാരായി തീരുന്നത്, പെണ്‍കുഞ്ഞുങ്ങൾ ഉപദ്രവിക്കപ്പെടുന്നത് തുടങ്ങിയവയൊക്കെ വലിയൊരളവിൽ ഒഴിവാക്കുന്നതിനു വേണ്ടി ഇടപെടാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പല ജലാശയങ്ങളും നീര്‍ത്തടങ്ങളും ഇപ്പോഴും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയബന്ധിതമായി അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തുന്നതിനും അവയൊക്കെ സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിൽ പൂര്‍ണ്ണമായി പങ്കാളികളാകുന്നതിനും റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - The Chief Minister said that residents' associations have a crucial role in the progress of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.