ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക അന്തിമ ഘട്ടത്തിലേക്ക്. സിറ്റിംഗ് എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയില്ല. ഇതോടെ കണ്ണൂർ, കോന്നി മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. പകരം പുതിയ സ്ഥാനാർത്ഥി മണ്ഡലത്തിൽ എത്തും. ഇത് കൂടാതെ കൊച്ചി മണ്ഡലത്തിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്ന് ഉറപ്പായി.
സ്ഥാനാർത്ഥിത്വത്തിന് മുന്നോടിയായി കെ. സുധാകരൻ കേരള ഹൗസിൽ നിന്ന് എൻ.ഒ.സി വാങ്ങിയിരുന്നെങ്കിലും ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെ എം.പിമാർക്ക് മാറിനിൽക്കേണ്ടി വരും. മറ്റ് മണ്ഡലങ്ങളിൽ ഏകദേശ ധാരണയായെങ്കിലും നാല് മണ്ഡലങ്ങളിൽ തർക്കം പരിഹരിക്കാനായില്ല. ഉദുമ, പട്ടാമ്പി, പെരുമ്പാവൂർ, വടക്കാഞ്ചേരി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സമവായമാകാത്തതിനെ തുടർന്ന് അന്തിമ തീരുമാനം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിട്ടു.
ചരിത്രത്തിലാദ്യമായാണ് ഇത്രയും വേഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.90 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് സീറ്റുകളിൽ ആശയവിനിമയം തുടരുകയാണ്. ഹൈക്കമാൻഡുമായി ചർച്ച ചെയ്ത് ഉടൻ പ്രഖ്യാപനം ഉണ്ടാകും. പട്ടിക പുറത്തുവരുന്നതോടെ എംപിമാരുടെ കാര്യത്തിൽ പൂർണ്ണമായ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.