കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

കോട്ടയം: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലയിലെ നവകേരള സദസിന്റെ ആദ്യ പ്രഭാത യോഗത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് ആണ് കെ റെയിലിന്റെ വിഷയം ഉന്നയിച്ചത്. എതിർപ്പുകൾ ഉണ്ടായാലും കെറെയിൽ നടപ്പാക്കുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു. പണലഭ്യത ഇക്കാര്യത്തിൽ പ്രശ്‌നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. കെ റെയിൽ നമ്മൾ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാൻ പറ്റില്ല.

സാധാരണ നിലയിൽ കേന്ദ്രസർക്കാർ അനുമതി നൽകേണ്ടതാണ്. ചില സങ്കുചിത മനസുകൾ അനുവദിച്ചില്ല. കെ റെയിൽ നടപ്പാക്കുന്നതു സംബന്ധിച്ചു ദക്ഷിണ റെയിൽവേയോട് പരിശോധിക്കാൻ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിർക്കുന്നതാണ് കണ്ടത്.

ജെ.ബി കോശി കമീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവതരമായാണ് കാണുന്നതെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ചോദ്യത്തിന് മറുപടി നൽകി. കമ്മാള വിഭാഗത്തിൽനിന്ന് സിറോ മലബാർ സഭയിൽ അംഗമായവർക്ക് ഒ.ബി.സി സംവരണം നൽകണമെന്നായിരുന്നു മാർ ജോസഫ് പെരുന്തോട്ടം ഉയർത്തിയ ആവശ്യം. സംവരണം പരാതിയില്ലാതെ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.

സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കൽ സംസ്ഥാനത്ത് ഉണ്ടാവുകയില്ല. പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത്തിൽ അതിന്റെ നടപടിക്രമങ്ങൾ വേണ്ടതുണ്ട്.

പരീക്ഷണ സിനിമകൾക്ക് കെ.എസ്.എഫ്.ഡി.സിയുടെ ഒരു തീയേറ്റർ എങ്കിലും സ്ഥിരമായി കൊടുക്കണം എന്നായിരുന്നു ചലച്ചിത്ര സംവിധായകനായ ജയരാജ് ആവശ്യപ്പെട്ടത്. അവശത അനുഭവിക്കുന്ന സിനിമ -മറ്റിതര കലാകാരന്മാർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും പാക്കേജ് നടപ്പാക്കാൻ പറ്റണമെന്നും ജയരാജ് പറഞ്ഞു.

അവശഅനുഭവിക്കുന്ന കലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കുന്നുന്നകാര്യം അദ്ദേഹത്തെ അറിയിച്ചു. കലാസൃഷ്ടികൾ അടക്കമുള്ള വ സംരക്ഷിക്കുന്നതിനുള്ള പാക്കേജാണ് ഉദ്ദേശിച്ചതെങ്കിൽ എന്ത് ചെയ്യാൻ പറ്റും എന്ന് പരിശോധിക്കും.

കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജം ഇയാത്തുൾ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. കോട്ടയം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗതകുരുക്ക് അഴിക്കുന്നതിനായി ഇന്നർ-ഔട്ടർ റോഡുകൾ, ഫ്‌ളൈ ഓവറുകൾ, സബ്‌വേകൾ എന്നിവ അത്യാവശ്യമാണെന്ന് കോട്ടയം യാക്കോബായ ബിഷപ്പ് തോമസ് മാർ തിമോത്തിയോസ് പറഞ്ഞു.

ശാസ്ത്രീ റോഡിന്റെ നിർമ്മാണം കളത്തിപ്പടി വരെ നീട്ടി പൂർത്തീകരിക്കണം. കോടിമതയിൽ നിന്നാരംഭിച്ച് കൊല്ലാട് പുതുപ്പള്ളിവഴി മണർകാട് എത്തുന്ന കെ.കെ റോഡിനു സമാന്തരമായി റോഡ് നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.യുവജനങ്ങൾ സംസ്ഥാനം വിട്ടു പോകുന്നതുകൊണ്ടു ഭാവിയിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ മനസിലാക്കി പഠിച്ച് ധാരണ ഉണ്ടാക്കി നടപടി സ്വീകരിക്കണമെന്ന് കോട്ടയം ഓർത്തഡോക്‌സ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ് കൊറസ് പറഞ്ഞു.

2020ൽ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പട്ടികജാതി- വർഗ വിഭാഗകർക്കു പട്ടയം നൽകുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏഴായിരത്തോളം അപേക്ഷകൾ വാങ്ങി വച്ചിട്ടും സർവേ നടപടികൾ ആരംഭിച്ചിട്ടില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മല അരയസഭ സംസ്ഥാന അധ്യക്ഷൻ പി.കെ. സജീവ് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലെ ഏഴായിരത്തോളം പട്ടയ അപേക്ഷകളിൽ സർവേ നടത്തി അർഹത പരിശോധിച്ച് അടുത്ത വർഷം തന്നെ പട്ടയം നൽകുമെന്ന് വ്യക്തമാക്കി.

കോട്ടയത്തും ഇടുക്കിയിലും ട്രൈബൽ മാനേജ്‌മെന്റിൽ രണ്ട് കോളേജുകളിലും മതിയായ രീതിയിലുള്ള കോഴ്‌സുകളും തസ്തികകളും ലഭ്യമാക്കണമെന്നും പി.കെ. സജീവ് ആവശ്യപ്പെട്ടു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മലയരയ സമുദായത്തിൽ ഉൾപ്പെട്ട രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും അടച്ചിട്ടിരിക്കുന്ന കാൽനട തീർഥാടന പാതകൾ മുഴുവൻ സമയം തുറന്നു കൊടുക്കുന്ന നടപടി സ്വീകരിക്കണമെന്നും പി.കെ. സജീവ് പറഞ്ഞു.

വെള്ളപ്പൊക്കം പരിഹരിക്കാനും കാർഷിക മേഖലയിൽ ജലസമൃദ്ധി ഉണ്ടാക്കുന്നതിനുമായി മീനച്ചിൽ നദീതട പദ്ധതി നടപ്പിലാക്കണമെന്ന കർഷകപ്രതിനിധി സുരേഷ് ജേക്കബിന്റെ ആവശ്യത്തോട് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്നു അറിയിച്ചു. നെല്ല് വില കൃത്യമായി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന ആവശ്യത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് കേന്ദ്രം സംസ്ഥാനങ്ങളെ പരിഗണിക്കുന്നത് എന്ന് പ്രതികരിച്ചു. 57000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് കിട്ടാനുള്ളത്. ഇത്തരത്തിൽ സംസ്ഥാനത്തെ കേന്ദ്രം ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് കുടിശിക കൊടുത്തുതീർക്കാൻ സാധിക്കാത്തതെന്നും വിശദീകരിച്ചു.

മത മൈത്രി നിലനിർത്തുന്നതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അഭിനന്ദനാർഹമാണെന്നു മലങ്കര യാക്കോബായ സുറിയാനി ക്‌നാനായ ബിഷപ്പ് മാർ കുര്യാക്കോസ് സേവറിയോസ് പറഞ്ഞു. മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകളെയും അദ്ദേഹം അഭിനന്ദിച്ചു.സൈബർ ഇടങ്ങളിൽ ആത്മ വിശ്വാസത്തെ തകർക്കുന്ന രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നു സിനിമ സീരിയൽ താരം ഗായത്രി വർഷ പറഞ്ഞു.

റബ്ബർ വ്യാപാരികൾക്കുള്ള വില സ്ഥിരതാ പദ്ധതി ആശ്വാസകരമാണെന്നു റബർ പ്ലാൻ അസോസിയേഷൻ പ്രതിനിധി ജോർജ് വാലിയിൽ കൂരാലി പറഞ്ഞു. വില സ്ഥിരത അടുത്ത ഘട്ടത്തിൽ 170ൽ നിന്നും 200 എങ്കിലും ഉയർത്തണം. രണ്ട് ലക്ഷത്തിലധികം റബ്ബർ അധികം ഉൽപാദിപ്പിക്കാനാകും. അതിലൂടെ 3000 കോടി രൂപ കർഷകലേക്ക് എത്തിച്ചേരും. പുതിയ രജിസ്‌ട്രേഷൻ കാലാവധി നവംബർ 30ന് അവസാനിക്കും.

ഇത് രണ്ടുമാസത്തേക്ക് നീട്ടി കിട്ടണം. വെല്ലൂർ റബ്ബർ ഫാക്ടറി പ്രവർത്തനം വേഗത്തിലാക്കാൻ നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷം മുമ്പ് നിർത്തലാക്കിയ മിനി മീറ്റുകൾ കായികമേഖലയുടെ വികസനത്തിനായി പുനരാരംഭിക്കണമെന്നു ദ്രോണാചാര്യ അവാർഡ് ജേതാവ് കെ പി തോമസ പറഞ്ഞു. കായികരംഗത്തേക്ക് വരുന്ന കുട്ടികളെ സ്‌കൂൾ അധികൃതർ നിരുത്സാഹപ്പെടുത്തുന്നതു നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Chief Minister said that if the central government gives permission, the government will go ahead with K-rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.