പിണറായി വിജയൻ, വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉയരം കുറഞ്ഞവരോട് പുച്ഛമാണോ?. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
'കണ്ണൂരില്‍ പറഞ്ഞു കോള്‍ക്കുന്നതു പോലെ എട്ടുമുക്കാല്‍ അട്ടി വച്ചതു പോലെ പൊക്കം കുറഞ്ഞ ഒരാളാണ് തള്ളിക്കയറിയതെന്നും അയാള്‍ക്ക് ആരോഗ്യം ഇല്ലെന്നും നിയമസഭയുടെ പ്രിവിലേജ് ഉപയോഗിച്ചാണ് അങ്ങനെ ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉയരം കുറഞ്ഞ ആളുകളെ കേരളത്തിലെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ? ഉയരം കുറഞ്ഞവരോട് അദ്ദേഹത്തിന് എന്തിനാണ് ദേഷ്യം? ഇത് ബോഡി ഷെയ്മിങാണ്. പൊളിറ്റിക്കലി ഇന്‍കറക്ടായ വാചകമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറാകണം. സഭാ രേഖകളില്‍ നിന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കും' -വി.ഡി. സതീശൻ വ്യക്തമാക്കി.
ഇത്തരം പരാമര്‍ശങ്ങള്‍ സി.പി.എം നേതാക്കള്‍ പല തവണയായി ആവര്‍ത്തിക്കുന്നുണ്ട്. ഇതിന് മുന്‍പ് മന്ത്രി വാസവനും അമിതാബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിലെ പോലെ ആയെന്ന പരാമര്‍ശം നടത്തി. ഇന്ദ്രന്‍സ് മോശക്കാരനാണോ? അദ്ദേഹം മികച്ച നടനാണ്. അന്ന് വാസവന്‍ അഥ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ഉയറക്കുറവിനെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം. പാര്‍ലമെന്ററി കാര്യമന്ത്രിയും ഉമ തോമസിന്റെ രോഗത്തെ കുറിച്ചും ആരോഗ്യാവസ്ഥയെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഉമാ തോമസിനെ കവചമാക്കിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. അതും പിന്‍വലിക്കണം.
ഉമ തോമസിന്റെ ആരോഗ്യത്തെ കുറിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി ഉത്കണ്ഠപ്പെടേണ്ട. മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയും പറഞ്ഞത് തെറ്റാണ്. ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? പുരോഗമന വാദികളാണെന്നു പറയുന്നവര്‍ വായ് തുറന്നാല്‍ ഇതുപോലുള്ള വര്‍ത്തമാനമാണ് പറയുന്നത്. എത്ര പൊക്കം വേണമെന്നതില്‍ മുഖ്യമന്ത്രിയുടെ പക്കല്‍ അളവുകോലുണ്ടോ? ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. ഇവരൊക്കെ 19 നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിക്കേണ്ടവരാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെയാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പരിഹസിച്ചത്. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
'എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. വനിത വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തുടർന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി നജീബ് കാന്തപുരം എം.എൽ.എ തന്നെ രംഗത്തുവന്നു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവുകൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.
സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. എട്ടുമുക്കാൽ അട്ടിവെച്ച പോലെ എന്നത് മലയാളത്തിലെ ഒരു പദപ്രയോഗമാണ്. പല ഭാഗത്തും പറ്റിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ഒരാളെയോ ഒരു അവസ്ഥയെയോ ഒക്കെ സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം ഉപയോഗിക്കുന്നത്.
ഒരാളുടെ ശരീര വലിപ്പത്തെയോ ആകൃതിയേയോ കുറിച്ച് അനുചിതമായ കമന്റുകൾ നടത്തി അപമാനിക്കുന്നതിനെയാണ് ബോഡി ഷെയിമിങ് എന്ന് പറയുന്നത്. ബോഡി ഷെയിമിങ് നടത്തുന്നത് റാഗിങ് വിഭാഗത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമായി കാണാനുള്ള ബിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.