കൊച്ചി: വിവാഹമോചന കേസ് നടത്തിപ്പിന് വക്കാലത്ത് നൽകിയ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതികളായ രണ്ട് അഭിഭാഷകർക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കണ്ണൂർ സ്വദേശികളായ എം.ജി. ജോൺസൺ, കെ.കെ. ഫിലിപ് എന്നിവർക്കാണ് ജസ്റ്റിസ് പി. ഗോപിനാഥ് മുൻകൂർ ജാമ്യം നൽകിയത്. 2021 മുതൽ നിരവധി തവണ പീഡനത്തിനിരയായി എന്നാണ് പറയുന്നതെങ്കിലും പരാതി നൽകിയത് കഴിഞ്ഞ ജൂൺ 30ന് മാത്രമാണ് എന്നത് കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വിവാഹമോചനം അനുവദിച്ച് കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിൽ പ്രതീക്ഷിച്ച നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബലാത്സംഗ പരാതി ഉന്നയിച്ചതെന്ന് ഹരജിക്കാർ വാദിച്ചു. കേസിലെ ഒന്നാം പ്രതി മുൻ ജില്ല ഗവ. പ്ലീഡർ ആയിരുന്നുവെന്നും പരാതിക്കാരി നിർധനയാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു.
എന്നാൽ, പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. പ്രതികളെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് നിർദേശം.
തലശ്ശേരി എ.എസ്.പി അരുൺ കെ. പവിത്രനാണ് കേസ് അന്വേഷിക്കുന്നത്. എ.എസ്.പിയുടെ അന്വേഷണത്തിൽ പരാതിക്കാരി പൂർണ വിശ്വാസമാണ് അറിയിച്ചത്. ഇത് കണക്കിലെടുത്ത് കേസിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതുവരെ എ.എസ്.പിക്ക് തന്നെയായിരിക്കണം അന്വേഷണച്ചുമതല എന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.