അട്ടപ്പാടി മധു വധം; കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആൾക്കൂട്ടക്കൊല

പാലക്കാട്: മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകം. മോഷണക്കുറ്റം ആരോപിച്ചണ് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് തല്ലിക്കൊന്നത്. പ്രബുദ്ധ കേരളമെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത കൊലപാതകം. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ ആദിവാസി യുവാവായ മധു ദാരുണായി കൊല്ലപ്പെട്ടത്. വിശപ്പ് ശമിപ്പിക്കാൻ ഭക്ഷണം മോഷ്ടിച്ചു എന്നതായിരുന്നു അതിദരിദ്രനും മനോദൗർബല്യങ്ങളുള്ളയാളുമായിരുന്ന ആ യുവാവ് ചെയ്ത കുറ്റം.

മാനസിക പ്രശ്നങ്ങൾമൂലം നാട്ടിൽ അലഞ്ഞു നടന്നിരുന്ന മധു സമീപത്തെ കാടുകയറി ഗുഹകളിലും മറ്റുമായാണ് താമസിച്ചിരുന്നത്. വല്ലപ്പോഴുമാണ് നാട്ടിലിറങ്ങാറ്. കാടിനു സമീപത്തെ ജങ്ഷനായ മുക്കാലിയിലെ കടയിൽനിന്നും അരിയും മറ്റും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. കാട്ടിൽവെച്ചും മുക്കാലിയിൽവെച്ചും ക്രൂരമർദനത്തിന് ഇരയായി. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ ജീപ്പിൽ ഛർദിച്ച് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിയപ്പോഴേക്കും ജീവൻ നഷ്ടമായി. കേസിൽ 16 പ്രതികളാണുണ്ടായിരുന്നത്. മധുവിനെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ബന്ധനസ്ഥനാക്കിയ മധുവിനൊപ്പം പ്രതികളിലൊരാൾ സെൽഫി എടുത്ത് പ്രചരിപ്പിച്ചതും സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിച്ചു.

നീണ്ട നാലു വർഷത്തിനുശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. 104 സാക്ഷികളുണ്ടായിരുന്ന കേസിൽ 22 പേരാണ് കൂറുമാറിയത്. മധുവിന്‍റെ ബന്ധുക്കളടക്കമുള്ള സാക്ഷികൾ കൂറുമാറി. സാക്ഷികളുടെ കൂറുമാറ്റവും പ്രോസിക്യൂട്ടർമാരുടെ മാറ്റവും മധുവിന്‍റെ അമ്മക്കും സഹോദരിക്കും നേരെയുണ്ടായ ഭീഷണികളും ഉൾപ്പെടെ ഏറെ വെല്ലുവളികൾ നേരിട്ട കേസിന്‍റെ വിചാരണ ഹെെക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിലാണ് പൂർത്തിയാക്കിയത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ കരുതിയിരുന്നത്. എന്നാൽ ഇതുണ്ടാകാതിരുന്നതോടെയാണ് വിധിയിൽ തൃപ്തരല്ലെന്ന് കാണിച്ച് മധുവിന്‍റെ മാതാവ് മല്ലിയും സഹോദരി സരസവും ഹൈകോടതിയിൽ അപ്പീലിന് പോയത്. മധുവിന്‍റെ കുടുംബത്തിന്‍റെയും ഇതിനൊപ്പം വിചാരണ കോടതി വിധിക്കെതിരെ പ്രതികളും സമർപ്പിച്ച അപ്പീലുകളിലാണ് തിങ്കളാഴ്ച ഹൈകോടതി വിധി പറഞ്ഞത്.

വിധിയിൽ സംതൃപ്തരെന്ന് കുടുംബം; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകും

മാനസികാസ്വസ്ഥ്യമുള്ള മകനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ തുടങ്ങിയതാണ് മധുവിന്‍റെ മാതാവ് മല്ലിയുടെയും സഹോദരി സരസുവിന്‍റെയും സമാനതകളില്ലാത്ത പോരാട്ടം. നീതിക്കായുള്ള പോരാട്ടത്തിൽ നിരവധി പ്രതിസന്ധികളാണ് അവർക്ക് നേരിടേണ്ടി വന്നത്. സ്വന്തം നാട്ടിലും വീട്ടിലും പോലും സുരക്ഷയില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥ. ജാമ്യത്തിലിറങ്ങിയ പ്രതികളുടെ നിരന്തര ഭീഷണിയും സമ്മർദ്ദവും. ആദിവാസി വിഭാഗമെന്ന പേരിൽ നേരിട്ട വിവേചനം. സംസ്ഥാനം മൊത്തം കൂടെ നിന്നെങ്കിലും പേടിമൂലം വീടിന് പുറത്തേക്കിറങ്ങാൻ പോലും കഴിയാതെ ദിവസങ്ങളോളം അവർക്ക് കഴിയേണ്ടി വന്നിരുന്നു.

2022 ഏപ്രിൽ 28ന് ആണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകിയവർ പോലും കോടതിയിൽ കൂറുമാറി. പ്രതികളിൽനിന്നുണ്ടായ കടുത്ത സമ്മർദവും ഭീഷണിയുമാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് പിന്നീട് തെളിഞ്ഞിരുന്നു. പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് കുടുംബം കേസുമായി മുന്നോട്ടുപോയത്. കുടുംബത്തിന് പിന്നീട് പൊലീസ് സുരക്ഷയും നൽകിയിരുന്നു. സംഭവം നടന്ന് എട്ട് വർഷങ്ങൾക്കിപ്പുറം 12 പ്രതികൾക്ക് ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ മധുവിന്‍റെ കുടുംബം തൃപ്തരാണ്.

കേരള സമൂഹത്തിനും ഒപ്പം നിന്നവർക്കും നന്ദി പറഞ്ഞ കുടുംബം കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടതിൽ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ഇയാൾക്കെതിരെ മതിയായ തെളിവുകൾ സർക്കാർ അഭിഭാഷകന് ഹാജരാക്കാൻ സാധിച്ചില്ലെന്ന് കാണിച്ചാണ് കോടതി വെറുതെ വിട്ടത്. കേരളത്തിൽ ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കരുതെന്നും മധുവിന്‍റെ കുടുംബം പ്രതികരിച്ചു. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകിയതിൽ ആശ്വാസം ഉണ്ടെന്നും സർക്കാരുൾപ്പെടെ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും സഹോദരി സരസു പറഞ്ഞു.  

Tags:    
News Summary - The Attappady Madhu murder: A mob lynching that shocked the conscience of Kerala.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.