തിരുവനന്തപുരം: ജനവിരുദ്ധ സർഫാസി നിയമം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ഉറപ്പു തരാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യില്ലെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. കേരളത്തിലെ പത്തോളം ജില്ലകളിൽ ശക്തമായ ചെറുത്തുനിൽപ്പ് സമരങ്ങൾ നടത്തുന്ന പ്രസ്ഥാനം പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ സർഫാസി നിയമം റദ്ദാക്കുമെന്ന നിലപാട് എടുക്കാത്ത പാർട്ടികൾക്ക് വോട്ടില്ലെന്ന് ബാനറുകൾ എല്ലാ വീടുകളിലും പ്രദർശിപ്പിക്കുമെന്നും വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ വി.സി ജെന്നി പറഞ്ഞു.
ആഗോള മൂലധന ശക്തികളുടെ താൽപര്യാർത്ഥം ബാങ്കുകളുടെ മേൽനോട്ടത്തിനായി രൂപംനൽകിയ ബേസൽ കമ്മിറ്റി തീരുമാനങ്ങളുടെ ഭാഗമായി ഇന്ത്യൻ പാർലമെന്റിൽ രാജ്യാന്തര ബാങ്കുകളുടെ കടന്നുവരവിനായി നിരവധി നിയമങ്ങൾ നിർമ്മിച്ചു. അതിലൊന്നാണ് 2002 ലെ സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫൈനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്റെറസ്റ്റ് നിയമം.
കടാശ്വാസവും കടപരിഹാരവും ഇല്ലാത്ത ആസ്തി തിരിച്ചുപിടിക്കൽ നിയമങ്ങളും അതിന്റെ സംവിധാനങ്ങളും തിരിച്ച് പിടിച്ചെടുത്തത് ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ആസ്തികളും കിടപ്പാടങ്ങളും മാത്രമാണ്. അതിസമ്പന്നരായ കോർപറേറ്റുകളുടെ ഒരു മൊട്ടുസൂചി പോലും ജപ്തി ചെയ്യപ്പെട്ടിട്ടില്ലെന്നു മാത്രമല്ല അവർക്ക് വേണ്ടി "ബാങ്ക് റെപ്സി ആന്റ് ഇൻസോൾവെൻസി കോഡ്' എന്ന മറ്റൊരു നിയമം കൊണ്ടുവന്ന് കടങ്ങൾ എഴുതി തള്ളുകയാണ്.
കഴിഞ്ഞ 10 വർഷക്കാലയളവിൽ മാത്രം 15 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതിത്തള്ളിയിട്ടുള്ളത്. സർഫാസി നിയമം റദ്ദാക്കുക, കിടപ്പാടങ്ങൾ ചെയ്യരുത്, ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുക, റവന്യൂ റിക്കവറി നടപടി ഉപയോഗിച്ച് ബാങ്കുകളോട് കമ്മീഷൻ പറ്റി സർക്കാർ നടത്തുന്ന ജപ്തിനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സമരം നടത്തുന്നത്.
വായ്പ കിട്ടാക്കനിയായ ദലിത് ജനവിഭാഗങ്ങളുടെ തുണ്ട് കിടപ്പാടങ്ങൾ ഈടുനൽകി അവർക്ക് തുച്ഛമായ തുക നൽകി ഭീമമായ വായ്പ തട്ടിയെടുത്ത ബാങ്ക് വായ്പാ മാഫിയയുടെ തട്ടിപ്പ് തുറന്നുകാട്ടിയത് സമിതിയാണ്. നീണ്ട 14 വർഷം പിന്നിട്ടിട്ടും വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ ആധാരങ്ങൾ തിരികെ നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ അലംഭാവം തുടരുകയാണെന്നും വി.സി ജന്നി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി ജോയിന്റ് കൺവീനർമാരായ എ.ടി. ബൈജു, അഡ്വ. പി.ജെ മാനുവൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെയുടത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.