തിരുവനന്തപുരം: കായികവകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സേയെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശ യാത്ര മെയ് 14 ന് തിരുവനന്തപുരത്തു നിന്ന് പുനരാരംഭിക്കുന്നു. അതിർത്തിയിൽ സംഘർഷം ശക്തമായിരുന്ന സാഹചര്യത്തിൽ യാത്ര താൽക്കാലികമായി നിർത്തി വെച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ സംഘർഷാവസ്ഥ അയഞ്ഞതോടെ സർക്കാർ പരിപാടികൾ തുടരാൻ തീരുമാനം എടുത്ത സാഹചര്യത്തിലാണ് യാത്ര വീണ്ടും പ്രയാണം തുടങ്ങുന്നത്.
കുട്ടികളെയും യുവജനങ്ങളെയും മാത്രമല്ല, മുഴുവൻ ജനങ്ങളെയും കളിക്കളങ്ങളിൽ എത്തിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം. മെയ് 5 ന് കാസർക്കോട് നിന്നാരംഭിച്ച യാത്ര വലിയ ജനപങ്കാളിത്തത്തോടെ 5 ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയിരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
ജനപ്രതിനിധികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, കായി സംഘടനകൾ, കായിക ക്ലബുകൾ, കായിക നക്കാദമികൾ, വ്യാപാരി സമൂഹം, വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ യാത്രയിലും ബന്ധപ്പെട്ട പരിപാടികളിലും അണിനിരന്നു. യാത്രാ കേന്രങ്ങളിൽ അവതരിപ്പിച്ച വിവിധ പരിപാടികൾ കാണികളെ ആകർഷിച്ചു. കളിയുപകരണങ്ങളുടെ വിതരണവും കളിക്കളങ്ങൾ വീണ്ടെടുക്കലും ഓരോ വേദിയിലും വലിയ ആവേശമുയർത്തി.
തിരുവനന്തപുരത്തു നിന്ന് 14 ന് ആരംഭിക്കുന്ന യാത്ര 24 ന് മലപ്പുറത്താണ് സമാപിക്കുക. അയ്യായിരത്തിലധികം പേർ പങ്കെടുക്കുന്ന കൂട്ടയോട്ടത്തോടെയാണ് സമാപനം. ലഹരിക്കെതിരായ പോരാട്ടത്തിൽ വലിയ ചർച്ചയായ യാത്രക്ക് അടുത്ത ഒമ്പത് ജില്ലകളിലും മികച്ച പ്രതികരണം ഉറപ്പാണ്. മെയ് 14- തിരുവനന്തപുരം. 15- കൊല്ലം, 16- പത്തനംതിട്ട, 17-ആലപ്പുഴ, 19- കോട്ടയം, 21-ഇടുക്കി, 22-എറണാകുളം, 23- തൃശൂർ എന്നിങ്ങനെ സഞ്ചരിച്ച് 24ന് മലപ്പുറത്ത് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.