വി.ഡി. സതീശൻ
തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് പച്ചനുണയാണെന്ന് വി.ഡി സതീശൻ. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്നത് ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചട്ടങ്ങൾ ലംഘിച്ചാണ് സഭ ചേരുന്നത്. ഇത് സഭയെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പൊള്ളയായ പ്രഖ്യാപനമാണിത്. ലക്ഷങ്ങൾ ചെലവഴിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനായി മാത്രം സഭ ചേർന്നത്. പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും തെരഞ്ഞെടുപ്പിന്‍റെ തലേന്ന് ജനങ്ങളെ കബളിപ്പിക്കാലാണെന്നും വി.ഡി സതീശൻ പറഞ്ഞു.
തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം സഭ വിട്ടു. അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുവെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
അതേസമയം, കേരളം പുതുയുഗപ്പിറവിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് അതിദാരിദ്രമുക്ത സംസ്ഥാനമെന്നത്. നേരത്തെ തന്നെ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷം പദ്ധതിയെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. പദ്ധതിയെ തട്ടിപ്പ് എന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത് സ്വന്തം ശീലംവെച്ചാണെന്നും പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ മുഖേനേ വീട് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയവർക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. സ്വന്തം ശീലം കൊണ്ടാണ് പ്രതിപക്ഷം പദ്ധതിയെ തട്ടിപ്പെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ലെന്നും ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണെന്നും വിശദമായ മാർഗരേഖ പുറത്തിറക്കിയതാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞിരുന്നു. അത് വായിച്ചിരുന്നെങ്കിൽ ആർക്കും സംശയങ്ങൾ ഉണ്ടാകില്ലായിരുന്നു. കൂടാതെ, ആരാണ് അതിദരിദ്രർ എന്ന് നിർണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉൾപ്പെട്ടത്. അതിദാരിദ്ര്യം നിർമാർജനം ചെയ്തു എന്നാണ് അവകാശവാദം. ദാരിദ്ര്യം നിർമാർജനം ചെയ്തു എന്നല്ല. സർക്കാർ നിഗൂഢമായി ചെയ്ത പദ്ധതിയല്ല ഇത് എന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഈ നേട്ടത്തിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിക്ക് ശേഷവും മുന്‍പും കലാവിരുന്നും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.