തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തർക്കങ്ങളിൽ മധ്യസ്ഥനായി ഇടപെട്ട് പണം വാങ്ങുന്നു, സ്ത്രീകളോട് പരിധിവിട്ട് പെരുമാറുന്നു തുടങ്ങി ശശിക്കെതിരായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ മറുപടി പറഞ്ഞു.
അൻവറിന്റെ ശീലത്തിൽനിന്ന് പറയുന്നതാണത്. അതൊന്നും തന്റെ ഓഫിസിലെ ആളുകള്‍ക്ക് ബാധകമല്ല. അന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരം ഇടപാടുകളുണ്ടാകും. അതിന്റെ ഭാഗമായി ഒത്തുതീര്‍പ്പുകളോ കൂട്ടുകെട്ടുകളോ ഉണ്ടാകും. അതൊന്നും നല്ല മാര്‍ഗമല്ല. നല്ല മാര്‍ഗമല്ലാത്ത വഴി അന്‍വര്‍ സ്വീകരിക്കുമ്പോള്‍ അതിന്റേതായ രീതിയില്‍ മറുപടി പറയാന്‍ ഇപ്പോള്‍ ഞാന്‍ നില്ക്കുന്നില്ല. അവജ്ഞയോടെ ആ അധിക്ഷേപങ്ങളെല്ലാം തള്ളുന്നു -മുഖ്യമന്ത്രി പറഞ്ഞു.
അന്‍വര്‍ നീക്കം തുടങ്ങിയപ്പോള്‍ തന്നെ കാര്യങ്ങളെങ്ങോട്ടാണെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍, മുന്‍ധാരണകളോടെയല്ല സര്‍ക്കാര്‍ കാര്യങ്ങളെ സമീപിച്ചത്. എം.എല്‍.എ എന്നനിലയില്‍ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണത്തിന് സംവിധാനമൊരുക്കി. പിന്നീട് മെല്ലെ മെല്ലെ കാര്യങ്ങൾ മാറി മാറി വന്നു. ആ മാറ്റം എല്ലാവരും കണ്ടു. സി.പി.എം പാര്‍ലമെന്ററി അംഗത്വത്തില്‍നിന്നും എൽ.ഡി.എഫിൽനിന്നും വിടുന്നതിലേക്ക് ആ മാറ്റമെത്തി. വര്‍ഗീയതക്കെതിരെ എല്ലാ കാലത്തും നിന്നവരാണ് ഞങ്ങള്‍.
വര്‍ഗീയ ശക്തികള്‍ ഞങ്ങള്‍ക്കെതിരെ എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്ന് എല്ലാ കാലത്തും ആലോചിക്കാറുണ്ട്. ഞങ്ങളോടൊപ്പം അണിനിരക്കുന്ന വിഭാഗങ്ങളെ പിന്തിരിപ്പിക്കാന് ആഗ്രഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്താറുണ്ട്. ഇതില്‍ ചിലര്‍ ആ ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന കളികളില്‍ അന്‍വറും ചേര്‍ന്നുവെന്നതാണ് അടുത്ത കാലത്തെ പ്രസ്താവന കാണിക്കുന്നത്. ഞങ്ങള്‍ക്കതില്‍ ആശങ്കയില്ല. സ്വാഭാവികമായ ഒരു പരിണാമമാണത്. ഇനി പുതിയൊരു പാര്‍ട്ടി രൂപവത്കരിച്ച് കാര്യങ്ങള്‍ നീക്കാനാണ് നോക്കുന്നതെങ്കില്‍ അതും നടക്കട്ടെ. അതിനേയും നേരിടും- മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.