'ആ സ്ത്രീ പറയുന്നത് പച്ചക്കള്ളം, രാഹുലിനെതിരെ പരാതി നൽകിയ യുവതിയെ അറിയില്ല': ഫെന്നി നൈനാൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് കെ.എസ്.യു സംസ്ഥാന ഭാരവാഹിയും അടൂർ നഗരസഭ എട്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ. ഫെനി നൈനാനൊപ്പമാണ് രാഹുൽ തന്നെ കാണാന്‍ എത്തിയതെന്നും പീ‍ഡന ശേഷം ഫെനിയാണ് വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടതെന്നും ആയിരുന്നു യുവതി പരാതിയിൽ പറഞ്ഞത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും ഇത്തരം ആരോപണങ്ങള്‍ വരുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്രയും ക്രൂരമായ രീതിയില്‍ അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. പരാതിക്കാരിയെ അറിയില്ല. പരാതിയില്‍ എഴുതിപിടിപ്പിച്ചിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്. എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാന്‍ മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. മനഃസാക്ഷി ഒരു തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ആ സ്ത്രീ അത്തരത്തില്‍ ഒരു പരാതി എഴുതില്ലായിരുന്നു. ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ ? തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ കാലത്തും ഇത്തരം ആളുകളില്‍നിന്നും ഉണ്ടായിട്ടുണ്ട്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്.- ഫെന്നി നൈനാൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫിന് നൽകിയ പരാതിയിലാണ് ഫെന്നി നൈനാനെക്കുറിച്ച് യുവതി ആരോപണം ഉന്നയിച്ചിട്ടുള്ളത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും യുവതി പരാതി അയച്ചിരുന്നു. ബം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്.

വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നത്. മുറിയിൽ വെച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ഗർഭിണിയാകണമെന്ന് രാഹുൽ തന്നോടും ആവശ്യപ്പെട്ടു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചതായും ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങിയെന്നും യുവതി പറഞ്ഞു.

ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ യുവതിയെ പരിചയപ്പെട്ടത്. രാഹുൽ വിവാഹം വാഗ്ദാനം നൽകിയതിന് പിന്നാലെ പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആയതിന് പിന്നാലെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചു. ബന്ധുക്കളുമായി വീട്ടിലെത്താം എന്ന് പറഞ്ഞെങ്കിലും രാഹുൽ പിന്നീട് അതിൽ നിന്ന് പിന്മാറി. 2023 ഡിസംബറിലാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു.

നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽനിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നുവെങ്കിലും നിയമനടപടിക്ക് തയാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.

പാർട്ടി നേതൃത്വത്തിന് പെൺകുട്ടി നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാ ഗാന്ധിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും സുഹൃത്തിന്‍റെ വീട്ടിൽവെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ​ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈം​ഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽനിന്നും പിന്മാറിയെന്നും പരാതിയിൽ പറയുന്നു.

അതേസമയം, പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവി​ദ​ഗ്ധരുമായി സംസാരിക്കുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. നേരത്തെയുള്ള ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിനെതിരെ പുതിയ പരാതി വരുന്നത്.

അതേസമയം, മുൻകൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് അടച്ചിട്ട മുറിയിലാകണമെന്നും സ്വകാര്യത മാനിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ പുതിയ ഹരജി നൽകിയിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹരജി നൽകിയത്. പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഫോട്ടോകൾ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോഡ് എന്നിവയാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നതിന് ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും.

Tags:    
News Summary - 'That woman is telling a blatant lie, I don't know the complainant against Rahul': Feni Nainan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.