കോഴിക്കോട്: താമരശ്ശേരിയിൽ ഷഹബാസിനെ മർദിച്ചശേഷം വിദ്യാര്‍ഥികളിലൊരാള്‍ മാപ്പ് അപേക്ഷിച്ച് അയച്ച ഫോൺ സന്ദേശം പുറത്ത്. പ്രശ്നങ്ങൾ ഒഴിവാക്കി തരണമെന്നും ചെയ്തതിന് മാപ്പ് നൽകണമെന്നും സന്ദേശത്തിൽ പറയുന്നു.
‘ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി കൊണ്ടാ, ഇങ്ങനെയാകുമെന്ന് ഞാൻ വിചാരിച്ചില്ല. നീ ഒഴിവാക്കി കൊണ്ടാ. നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?’ -സന്ദേശത്തിൽ പറയുന്നു. കൂടാതെ, മറ്റൊരു വിദ്യാർഥി അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ‘എടാ, ഷഹബാസേ എന്തേലും ഉണ്ടെങ്കിൽ പൊരുത്തപ്പെടണട്ടോ, ഞാൻ നിന്നോട് കുറെ പറഞ്ഞതല്ലേ.. നമ്മള് ചൊറക്ക് നിക്കുന്നില്ലെന്ന്, പിന്നെയും പിന്നെയും നീ...നീ ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങള് നിന്നോട് ചൊറക്ക് നിന്നില്ലല്ലോ, ഞങ്ങളാരും മനസ്സിൽ പോലും വിചാരിച്ചില്ല ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്ന്’ - ഷഹബാസിന് അയച്ച സന്ദേശത്തിൽ മർദിച്ച വിദ്യാർഥികളിലൊരാൾ പറയുന്നു.
നേരത്തെ ഷഹബാസിനെ കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന ചാറ്റ് പുറത്തുവന്നിരുന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും ചാറ്റിൽ പറയുന്നു.
‘ഓന്‍റെ കണ്ണൊന്ന് പോയ് നോക്ക് നീ..കണ്ണൊന്നൂല്ല.കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയോന്നുമില്ല. കേസെടുക്കില്ല..കേസ് തള്ളിപ്പോകും. കാരണം ഓനല്ലേ ഇങ്ങോട്ടുവന്നത്’ എന്ന് പറയുന്ന വാട്സാപ്പ് ചാറ്റാണ് പുറത്ത് വന്നത്. തലക്ക് സാരമായി പരിക്കേറ്റ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
താമരശ്ശേരി ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ വട്ടോളി എം.ജെ ഹൈസ്‌കൂളിലെ വിദ്യാർഥികളുടെ ഡാൻസിനിടെ പാട്ട് നിലച്ചപ്പോൾ താമരശ്ശേരി ഗവ. ഹൈസ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വിദ്യാർഥികൾ തമ്മിൽ വാക്കേറ്റത്തിന് കാരണമായി.
അധ്യാപകർ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. പിന്നീട് എം.ജെ ഹൈസ്‌കൂൾ വിദ്യാർഥികൾ വാട്സ്ആപ് ഗ്രൂപ് വഴി സന്ദേശത്തിൽ വ്യാഴാഴ്‌ച വൈകീട്ട് വിദ്യാർഥികളോട് താമരശ്ശേരി വെഴുപ്പൂർ റോഡിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നുവത്രെ. പത്തിലധികം വിദ്യാർഥികൾ സംഘടിച്ചെത്തുകയും താമരശ്ശേരി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.