കോഴിക്കോട്: താമരശ്ശേരിയിലെ സ്കൂൾ വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. ടി.പി വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തവന്നത്.
ഇയാളുടെ വീട്ടിൽ നിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചിരുന്ന നഞ്ചക്കും പൊലീസ് കണ്ടെടുത്തത്. മകന്റെ കൈവശം നഞ്ചക്ക് കൊടുത്തുവിട്ടത് ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്.
പുറത്തുനിന്നുള്ളവരുടെ സഹായത്തോടെയാണ് ആക്രമണമെന്നായിരുന്നു കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാൽ ആരോപിച്ചിരുന്നത്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടപ്പിച്ചിരുന്നു.
ഷഹബാസിന്റെ തലക്കടിച്ചതെന്ന് കരുതുന്ന നഞ്ചക്കാണ് പ്രധാന പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. പ്രതികളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെടുത്തു.
കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ തലയോട്ടി തകർന്നിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. നഞ്ചക്ക് ആയിരിക്കാം ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് തുടക്കത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) മരിച്ചത്.
ഷഹബാസിനെ മർദിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.