അനയയുടെ മരണ കാരണം; ഡോക്ടർമാർ രണ്ടുതട്ടിൽ

കോഴിക്കോട്: താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിലേക്കുവരെ നീണ്ട അനയ എന്ന ഒമ്പതു വയസ്സുകാരിയുടെ മരണകാരണത്തിൽ ഡോക്ടർമാർ രണ്ടുതട്ടിൽ. മരണശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ വെറ്റ് മൗണ്ട് പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം വൈറൽ ന്യൂമോണിയ എന്നാണ് രേഖപ്പെടുത്തിയത്. ഇതു വിവാദമായതോടെ ഡോക്ടർമാരുടെ റിപ്പോർട്ടിലെ വൈരുധ്യവും ചോദ്യം ചെയ്യപ്പെടുന്നു.

കുട്ടിക്ക് ന്യൂമോണിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും മസ്തിഷ്ക ജ്വര ലക്ഷണങ്ങൾ കണ്ടെത്തിയതിനാലാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതെന്നും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തുന്നതിനു മുമ്പുതന്നെ കുട്ടി മരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ നട്ടെല്ലിൽനിന്നെടുത്ത സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. മാത്രമല്ല കുട്ടിയുടെ തലച്ചോറിൽ നീർക്കെട്ട് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ നീർക്കെട്ട് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണമാണെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.

‘വെറ്റ്മൗണ്ട് പരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നിരിക്കെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം രേഖപ്പെടുത്തിയ സർജൻ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. മരണകാരണം ന്യൂമോണിയ എന്ന് മാത്രം രേഖപ്പെടുത്തിയത് സാധാരണക്കാരിൽ തെറ്റിദ്ധാരണക്കിടയാക്കി. ന്യൂമോണിയ ബാധിച്ച ഒരാൾക്ക് ഇത്രയും പെട്ടെന്ന് മരണം സംഭവിക്കില്ല.

തലച്ചോറിൽ നീർക്കെട്ട് തന്നെയാവും കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്’ -ഡോക്ടർ അഭിപ്രായപ്പെട്ടു.

സാമ്പിളെടുത്ത് തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ എത്തിച്ച് പരിശോധന നടത്തുമ്പോൾ അമീബയുടെ സാന്നിധ്യം കണ്ടെത്തൽ ദുഷ്കരമാണ്. അമീബ ചലിക്കുന്ന ജീവിയാണ് എന്നതും അന്തരീക്ഷ ഊഷ്മാവ് മാറ്റം വരുന്നതിന് അനുസരിച്ച് സാമ്പിളുകളിൽനിന്ന് അമീബ സാന്നിധ്യം നഷ്ടമാവാൻ ഇടയാക്കുമെന്നും ഡോക്ടർമാർ പറയുന്നു. അതിനാൽ തിരുവനന്തപുരത്തുനിന്ന് ലഭിക്കുന്ന പി.സി.ആർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത് പ്രായോഗികമല്ലെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

മരിച്ച കുട്ടിയും സഹോദരങ്ങളും കുളത്തിൽ മുങ്ങിക്കുളിച്ചിരുന്നു. സഹോദരങ്ങളിൽ ഒരാൾക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകുകയും ചെയ്തിരുന്നു. മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ചാണ് പിതാവ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. മരണ കാരണം സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ മെഡിക്കൽ കോളജ് അധികൃതരോ മെഡിക്കൽ ബോർഡോ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടിവരും.

Tags:    
News Summary - thamarassary hospital anaya death cause is Amebic encephalitis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.